ന്യൂയോർക്ക്: വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരിത ബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകുമെന്നും ബൈഡൻ ഉറപ്പുനൽകി. അതേസമയം, വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ടായിരത്തോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. കാണാതായവരുടെ അവസാന മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തിയേക്കും. ഇരുപത്തിയൊൻപത് കുട്ടികളടക്കം ഇരുന്നൂറിലധികം പേരാണ് കാണാമറയത്തുള്ളത്.
മുന്നൂറോളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ 107 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. 96 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്.
ആർമിയുടെ 500 പേർ അടങ്ങുന്ന സേന മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നലെ കനത്ത മഴയിലും തെരച്ചിൽ നടത്തിയിരുന്നു. മൂന്നു സ്നിഫർ നായകളും തെരച്ചിലിനായി ഉണ്ടായിരുന്നു. രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തനങ്ങൾക്കായി നാലംഗ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളാണ് ഉരുൾപൊട്ടലിൽ നിലംപരിശായത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ഗവർണർമാരുടെ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.