stray-dogs

ഹൈദരാബാദ്: തെരുവ് നായകളുടെ കടിയേ​റ്റ് 82കാരിക്ക് ദാരുണാന്ത്യം. രാജണ്ണ സിർസില്ല ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മുസ്താബാദ് മണ്ഡൽ ആസ്ഥാനത്തെ സേവലാൽ തണ്ട പ്രദേശത്ത് കുടിലിൽ താമസിച്ചിരുന്ന വയോധികയെയാണ് നായകൾ കടിച്ചുകീറിയത്. ഇവർ കഴിഞ്ഞ കുറേകാലമായി കിടപ്പിലായിരുന്നുവെന്നാണ് വിവരം. വയോധിക ഉറങ്ങിക്കിടന്ന സമയത്താണ് ഒരു കൂട്ടം നായകൾ കുടിലിൽ എത്തി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ട വയോധികയുടെ ശരീരഭാഗങ്ങൾ നായകൾ കടിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുടിലിന് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കൾ വ്യാഴാഴ്ച പുലർച്ചയോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അവരുടെ മകന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, പ്രദേശത്തെ തെരുവ് നായകളുടെ ശല്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ രംഗത്തെത്തിയിട്ടുണ്ട്.