boche

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ നൂറ് കണക്കിനാളുകളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഉറ്റവരെയും ഉടയവരെയും, ഒരായുസുമുഴുവൻ സമ്പാദിച്ചതുമെല്ലാം ഒറ്റ രാത്രികൊണ്ട് മണ്ണിനടിയിലായി. ആ ഷോക്ക് അവർക്കിതുവരെ മാറിയിട്ടില്ല. ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് അവിടെയെത്തുന്ന ഓരോരുത്തരും.

ദുരിത ബാധിതർക്കുള്ള ആഹാരവും വസ്ത്രങ്ങളുമൊക്കെയായി സഹായ പ്രവാഹമാണ്. അരിയും, ഉപ്പും, സാനിറ്ററി നാപ്കിൻസും, വസ്ത്രങ്ങളുമടക്കമുള്ള അവശ്യ സാധനങ്ങൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് ഒഴുകിയെത്തുമ്പോഴും അവരുടെ ഉള്ളിൽ ആളിക്കത്തുന്ന ഒരു ചോദ്യമുണ്ട്. ഇനിയെങ്ങോട്ട് എന്ന്. വീട് വച്ച് നൽകാൻ സഹായിക്കുമെന്ന് അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. അതിനുള്ള ഭൂമി ആര് നൽകുമെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

നൂറ് കുടുംബങ്ങൾക്ക് വീടു വയ്ക്കാനാവശ്യമായ ഭൂമി നൽകുമെന്ന് കേരള കൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.


"വയനാട്ടിലാണ് ഉള്ളത്. ഇന്നലെ ക്യാമ്പ് സന്ദർശിച്ചപ്പോഴുണ്ടായ ആശയമാണ്. ഭക്ഷണവും വസ്ത്രവുമൊക്കെയായിട്ടാണ് ഞങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയത്. സാധനങ്ങളൊക്കെ കൊടുക്കുമ്പോൾ ഇതൊക്കെ ഇവിടെ ഇഷ്ടം പോലെയുണ്ടെന്നും ഇതുകഴിഞ്ഞാൽ എവിടെപോകുമെന്നുമാണ് അവർ ചോദിക്കുന്നത്.

എത്ര കാലം ഈ ക്യാമ്പിൽ കഴിയും. ഞങ്ങളെവിടെ പോകും, ഞങ്ങളുടെ വീടും സ്വത്തും പോയെന്ന് പറഞ്ഞ് ദുരിത ബാധിതർ കരയുകയാണ്. ആയിരം ഏക്കർ മേപ്പാടിയിലുണ്ട്. അതിൽ നിന്ന് 100 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാമെന്ന് അവർക്ക് വാക്ക് കൊടുത്തു. ഇന്നലെ രാത്രി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ കാര്യങ്ങൾക്ക് വേണ്ടി ഇന്ന് ഉച്ചയ്ക്ക് ശേഷം കളക്ടറുടെയടുത്തും മറ്റും പോകുന്നുണ്ട്. അതാണ് ഇപ്പോൾ അവർക്ക് അത്യാവശ്യം.

നമ്മുടെ അഞ്ച് ആംബുലൻസുകൾ അവിടെയുണ്ട്. ആംബുലൻസുകൾ നിർത്തിയിടാൻ സ്ഥലമില്ല, അത്രയേറെ ആംബുലൻസുകളാണ് ഒരുപാട് പേർ കൊണ്ടുവന്നത്. അവിടെ അത്യാവശ്യം എല്ലാ കാര്യങ്ങളും ഉണ്ട്. ഇതാണ് അവർക്ക് ആവശ്യം.

നൂറ് കുടുംബങ്ങളെ കണ്ടെത്തുന്നത്

ഇന്നലെ ഞാൻ ക്യാംപിലുണ്ടായിരുന്നു. അവരുടെ റൂമിലൊക്കെ പോയി സംസാരിച്ചു. രണ്ടായിരത്തോളം പേരുണ്ട്. ഏകദേശ കണക്കെടുത്തപ്പോൾ നൂറോളം കുടുംബങ്ങൾക്കാണ് വീട് അത്യാവശ്യം വരിക. ബാക്കി ആൾക്കാരൊക്കെ മരിച്ചു പോയി. ഏകദേശ കണക്കാണ് കിട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കൊടുക്കാമെന്ന് പറഞ്ഞത്. ഇനി കൃത്യമായ കണക്ക് നോക്കണം.