landslide

കൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട് പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി. രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയത്. ഇതിൽ ഒരു സ്ത്രീയുടെ കാലിന് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. എയർ ലിഫ്റ്റിംഗിലൂടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

തകർന്ന വീട്ടിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ഇവരെ ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഇനിയാരും ജീവനോടെ ശേഷിക്കാൻ ഇടയില്ലെന്ന വിലയിരുത്തലിലായിരുന്നു സൈന്യം. നാലുപേരെ ജീവനോടെ കണ്ടെത്തിയത് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.

അതേസമയം, മരണസംഖ്യയും ഉയരുന്നുണ്ട്. ഇന്നും മുണ്ടക്കൈയിൽ നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയട്ടുണ്ട്. ഇരുനൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ബെയ്‌ലി പാലം പൂർണമായും പ്രവർത്തന സജജമായതോടെ രക്ഷാപ്രവർത്തനത്തിനും വേഗത കൂടിയിട്ടുണ്ട്. ചൂരൽമല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജീവന്റെ തുടിപ്പുണ്ടോ എന്നറിയാൻ ഓരോയിടങ്ങളിലും വിശദമായ പരിശോധനയാവും നടത്തുക. നായ്ക്കളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ആറുസോണുകളായി തിരിച്ച് 40 ടീമുകൾ പരിശോധന നടത്തുന്നുണ്ട്. സൈന്യം ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും ഇവർ പ്രത്യേകം പരിശോധന നടത്തും.