ram

ലക്‌നൗ: ഉത്തർപ്രദേശിൽ റോഡരികിലിരുന്ന് വർഷങ്ങളായി ചെരുപ്പുകൾ തുന്നുന്നയാളാണ് റാം ചേത്. ഇന്ന് ഇയാൾക്കരികിൽ നിരവധിപേരാണ് ദിനംപ്രതി എത്തുന്നത്. സെൽഫിയെടുക്കാൻ ആളുകൾ എത്തുന്നു, സുഖവിവരങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നു, വഴിയാത്രക്കാർ കാറുകൾ നിർത്തി സംസാരിക്കുന്നു. ഇതിനെല്ലാം കാരണം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്.

ജൂലായ് 26നാണ് റാം ചേതിന്റെ ജീവിതം തന്നെ മാറിയത്. സുൽത്താൻപുരിലെ കോടതിയിൽ ഹാജരായി മടങ്ങുംവഴിയാണ് ചെരുപ്പ് തുന്നുന്ന ഒരു ചെറിയ കട രാഹുൽ ഗാന്ധി കണ്ടത്. അവിടെ ഇറങ്ങിയ അദ്ദേഹം വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും തൊഴിൽ പ്രശ്‌നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. ചെരിപ്പ് തുന്നാനും ഒട്ടിക്കാനുമെല്ലാം അദ്ദേഹവും ഒപ്പം കൂടി. അന്ന് രാഹുൽ ഗാന്ധി ശരിയാക്കിയ ചെരുപ്പ് വാങ്ങാൻ നിരവധിപേരാണ് എത്തിയത്. 10 ലക്ഷം രൂപ വരെ നൽകാമെന്ന് പറഞ്ഞ് ആളുകൾ എത്തി. എന്നാൽ, ആ ചെരുപ്പ് വിൽക്കാൻ റാം തയ്യാറല്ല. പകരം അതിനെ ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

തനിക്കൊപ്പമിരുന്ന് ചെരുപ്പ് തുന്നിയതോടെ രാഹുലും കടയുടെ പങ്കാളിയാണെന്ന് റാം പറയുന്നു. രാഹുൽ ഗാന്ധി കാരണം താരമായ റാമിനെ കാണാൻ പിന്നീടങ്ങോട്ട് ജനങ്ങളുടെ തിരക്കാണ്. പ്രശ്‌നങ്ങൾ ചോദിച്ചറിയാനായി ഇടയ്‌ക്കിടെ ഉദ്യോഗസ്ഥരും അവിടേക്ക് എത്താറുണ്ട്. 2018 മേയിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്‌ടക്കേസിൽ ഹാജരാകാൻ വേണ്ടിയാണ് രാഹുൽ ഗാന്ധി അന്ന് സുൽത്താൻപുരിലെത്തിയത്.