diamond

ജീവിതം മാറിമറിയാൻ അധികം സമയമൊന്നും വേണ്ട. കുടുംബം പുലർത്താനായി ചെറിയ തുക മാത്രം വരുമാനമായി ലഭിച്ചിരുന്ന ഒരു യുവാവിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഖനിയിൽ നിന്നും 80 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് ലഭിച്ച മദ്ധ്യപ്രദേശ് സ്വദേശിയും 40കാരനുമായ രാജു ഗോണ്ടിന്റെ ജീവിതമാണ് നിമിഷങ്ങൾകൊണ്ട് മാറിമറിഞ്ഞത്.

മദ്ധ്യപ്രദേശിലെ പന്ന ഖനിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് രാജുവിനെ തേടി സൗഭാഗ്യം എത്തിയത്. കൂലിവേല ചെയ്താണ് രാജു കുടുംബത്തിന്റെ ചെലവുകൾ നടത്തിയിരുന്നത്. തനിക്ക് ദിവസവും 300 രൂപയാണ് വരുമാനമായി ലഭിച്ചിരുന്നതെന്ന് യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ട്രാക്ടർ ഡ്രൈവറായും ജോലി ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ഖനികളിൽ ഡയമണ്ട് തിരയുമായിരുന്നു.

ജോലി കഴിഞ്ഞ ബാക്കി സമയമാണ് ഇതിനായി മാറ്റിവച്ചത്. ഡയമണ്ട് തിരയുന്നതിന് സർക്കാരിൽ നിന്നും അനുമതി വാങ്ങിയിരുന്നു. 800 രൂപയാണ് അതിനായി ചെലവായത്. എന്നോടൊപ്പം സഹോദരൻ രാകേഷും ഡയമണ്ട് തിരയാൻ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അത് സംഭവിച്ചത്. ഞാനും രാകേഷും ഉച്ച കഴിഞ്ഞ് ഖനിയിൽ കുഴിക്കുകയായിരുന്നു. അപ്പോഴാണ് ഡയമണ്ട് പോലൊരു സാധനം കണ്ടത്. അതുമായി പന്നയിലെ ഡയമണ്ട് ഓഫീസിൽ എത്തി പരിശോധന നടത്തി'- യുവാവ് പറഞ്ഞു.

രാജുവിന് ലഭിച്ചത് 19.22 ക്യാരറ്റ് മൂല്യമുളള ഡയമണ്ടാണെന്ന് സ്ഥിരീകരിച്ചു. ഇതിന് 80 ലക്ഷം വിലമതിപ്പുണ്ട്. 1961ൽ ഒരാൾക്ക് ഖനിയിൽ നിന്നും 54.55 ക്യാര​റ്റുളള ഡയമണ്ടും 2018ൽ മ​റ്റൊരാൾക്ക് 42 ക്യാര​റ്റുളള ഡയമണ്ട് ലഭിച്ചിരുന്നതായി ഡയമണ്ട് എക്സാമിനറായ അനുപമ് സിംഗ് പറഞ്ഞു.

'പല സ്ഥലങ്ങളിലും ഡയമണ്ട് കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയിരുന്നു, ഇത് ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും. ഇങ്ങനെ ലഭിക്കുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവി ജീവിതത്തിനുമായി മാ​റ്റിവയ്ക്കും. നിലവിൽ അഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. അത് തീർക്കണം. പുതിയൊരു വീട് നിർമിക്കണം. കൃഷി ചെയ്യാനായി കുറച്ച് ഭൂമി വാങ്ങണം'- രാജു വ്യക്തമാക്കി.