ടെൽ അവീവ്: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിനെ കൂട്ടത്തോടെ വളഞ്ഞാക്രമിക്കാൻ പദ്ധതിയിടുകയാണ് ഇറാനും നിഴൽ ഗ്രൂപ്പുകളും. ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടു. ഹനിയേയെ വധിച്ചതിന് പിന്നാലെ ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചതും സംഘർഷത്തിന് എരിവേകി.
എവിടെനിന്നും വരുന്ന മിസൈലുകളിൽ നിന്ന് തങ്ങളുടെ വിമാനങ്ങളെ സംരക്ഷിക്കുന്നതിന് മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള ലോകത്തിലെ ഒരേയൊരു വാണിജ്യ എയർലൈൻ ആണ് ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയാണ് ELAL. വ്യവസായിയായ ജോളി ജോസഫിന്റെ ഇതുസംബന്ധിച്ച എഴുത്ത് ശ്രദ്ധേയമാണ്. ഈ വിമാനത്തിൽ സഞ്ചരിച്ചപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവയ്‌ക്കുന്നുണ്ട്.
''മിസൈൽ പ്രതിരോധ സംവിധാനത്തിനുപുറമെ, ഭൂമിയിലും ആകാശത്തിലും വിമാനത്തിലും ഉള്ള കർശനമായ സുരക്ഷാ നടപടിക്രമങ്ങൾ കാരണം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഒന്നായി EL AL കണക്കാക്കപ്പെടുന്നു. വർഷങ്ങൾക്കുമുൻപ് ഞാൻ നെതെർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും ടെൽ അവീവിലേക്ക് എൽ അൽ വണ്ടിയിൽ കയറിയതും കയ്യിരുപ്പുകൊണ്ട് ' സമൂലം ' സുരക്ഷാപരിശോധനക്ക് വിധേയനായതും അത്യാവശ്യം അനുഭവിച്ചതും ഓർമയിലുണ്ട് ....!
1948 നവംബറിൽ സ്ഥാപിതമായ EL AL 1949 ജൂലൈ 31 ന് ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് റോമിലേക്കും പാരീസിലേക്കും അതിന്റെ ആദ്യ വിമാനയാത്ര നടത്തി. 'EL AL' എന്നാൽ ബൈബിളിലെ ഹോസിയാ പുസ്തകത്തിലെ ‘ മുകളിൽ പറഞ്ഞവയിലേക്ക് ' അല്ലെങ്കിൽ കൂടുതൽ കാവ്യാത്മകമായി ‘ ആകാശത്തിലേക്ക് ' എന്നാണ്.
ടെഹ്റാനിൽ പുതിയ ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ആജന്മ ശത്രുവും ഹമാസിന്റെ സമുന്നത നേതാവും ഗാസയുടെ ഭരണാധികാരിയുമായ ഇസ്മായിൽ ഹനിയ സ്വന്തം അംഗ രക്ഷകനോടൊപ്പം ഇന്നലെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ട വാർത്ത വന്നു. ആർക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സ്കെച്ചിട്ടുകഴിഞ്ഞാൽ അഥവാ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാൽ നിശബ്ദമായി ഇസ്രായേൽ പലരെയും ഭൂലോകത്തുനിന്നും തികച്ചും അജ്ഞാതരാൽ ' മുകളിലേക്ക് പറഞ്ഞയയ്ക്കാറുണ്ട് ' എന്നത് പച്ച പരമാർത്ഥം... ഇന്ത്യൻ ചാരസംഘടനായ RAW ക്ക് പരിശീലനം നൽകുന്നത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന് പറയപ്പെടുന്നു.''
ജൂലായ് 13ന് ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസിയിലുണ്ടായ ആക്രമണത്തിലാണ് ദെയ്ഫിനെ വധിച്ചത്. ഇയാൾക്ക് ഗുരുതര പരിക്കേറ്റെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ 71 പാലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി, ഇറാക്കിലെയും സിറിയയിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുടെ പ്രതിനിധികളുമായി ഇറാൻ ഉദ്യോഗസ്ഥർ ഇന്നലെ ചർച്ച നടത്തി. ഇസ്രയേലിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് യു.എസും പ്രഖ്യാപിച്ചു.
ബുധനാഴ്ച ഇറാനിലെ ടെഹ്റാനിലെ ആക്രമണത്തിലാണ് ഹനിയേയെ ഇസ്രയേൽ വധിച്ചത്. ഏതാനും മണിക്കൂറുകൾ മുമ്പ് ലെബനനിൽ ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്റിനെയും വധിച്ചു. ഹനിയേയുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ടെഹ്‌റാനിൽ നടന്നു. ഖമനേയി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഖത്തറിലെ ദോഹയിൽ സംസ്കരിക്കും. കഴിഞ്ഞ ഏപ്രിലിൽ സിറിയയിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തത് ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. ഇറാന്റെ 2 ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടു. പ്രതികാരമായി ഇറാൻ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചെങ്കിലും 99 ശതമാനവും ഇസ്രയേൽ തകർത്തു.
ആക്രമണ സാദ്ധ്യത
ഇറാനും നിഴൽ ഗ്രൂപ്പുകളും എല്ലാ ഭാഗത്ത് നിന്നും മിസൈലുകൾ തൊടുത്ത് ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കിയേക്കും
ലെബനൻ അതിർത്തിയിൽ നിന്ന് ഡ്രോൺ ആക്രമണത്തിന് സാദ്ധ്യത
ആണവ കേന്ദ്രങ്ങളെയോ പ്രതിരോധ ഉദ്യോഗസ്ഥരെയോ ഉന്നമിട്ടേക്കാം.
ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം സജ്ജം.- ബെഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ പ്രധാനമന്ത്രി
ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ലെബനനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ലെബനനിലുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ബെയ്റൂട്ടിലെ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.
ഗാസയിലെ ബിൻലാദൻ
ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദെയ്ഫ് 'ഗാസയിലെ ഒസാമ ബിൻലാദൻ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാൾ. ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ
ഏഴ് വധശ്രമങ്ങളെ അതിജീവിച്ചു. ബോംബ് നിർമ്മാണ വിദഗ്ദ്ധനായ ഇയാൾ നിരവധി ഇസ്രയേലികളെ ചാവേർ ആക്രമണങ്ങളിൽ കൊലപ്പെടുത്തി.
കൊന്നത് ബോംബ് ?
ഇസ്മയിൽ ഹനിയേ കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ അല്ലെന്നും മറിച്ച് റിമോട്ട് - കൺട്രോൾഡ് ബോംബ് പൊട്ടിത്തെറിച്ചാണെന്നും അമേരിക്കൻ മാദ്ധ്യമം. ഹനിയേ കഴിഞ്ഞ വസതിയിൽ രണ്ട് മാസം മുമ്പേ ബോംബ് രഹസ്യമായി സ്ഥിപിച്ചെന്ന് പറയുന്നു. ഇറാൻ റെവലൂഷനറി ഗാർഡിന്റേതാണ് കെട്ടിടം. ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദിലേക്കാണ് ഇറാൻ ഉദ്യോഗസ്ഥർ വിരൽചൂണ്ടുന്നത്.