പാരീസ് : മൂന്ന് വർഷം മുമ്പ് ടോക്യോയിൽ മനസുതകർന്ന് ഫൈനലിൽ മത്സരിക്കാതെ മടങ്ങേണ്ടിവന്ന അതേ ഇനത്തിൽ സ്വർണം നേടി വിഖ്യാത അമേരിക്കൻ വനിതാ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ്. കഴിഞ്ഞ രാത്രി ആൾറൗണ്ട് ഇനത്തിലാണ് സിമോൺ സ്വർണമണിഞ്ഞത്. സിമോണിന്റെ ആറാം ഒളിമ്പിക് സ്വർണമായിരുന്നു ഇത്.
ബ്രസീലിന്റെ റെബേക്ക ആന്ദ്രാദേയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സിമോൺ ഒന്നാമതെത്തിയത്. സിമോൺ 59.131 പോയിന്റുകളാണ് നേടിയത്; റെബേക്കയേക്കാൾ 1.199 പോയിന്റ് കൂടുതൽ. മത്സരത്തിന്റെ തുടക്കത്തിൽ ചില പിഴവുകൾ വരുത്തിയെങ്കിലും പിന്നീട് ഫോമിലേക്ക് ഉയരുകയായിരുന്നു അമേരിക്കൻ താരം. അൺ ഇവൻ ബാർസിൽ മത്സരിക്കുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്ന സിമോൺ ബാലൻസ് ബീമിലേക്ക് എത്തിയപ്പോൾ ഒന്നാമതായി. അമേരിക്കയുടെ സുനിസ ലീ വെങ്കലം നേടി.
പാരീസ് ഒളിമ്പിക്സിലെ സിമോണിന്റെ രണ്ടാം സ്വർണമാണിത്.ടീമിനത്തിലായിരുന്നു ആദ്യ സ്വർണം. 2016 റിയോ ഒളിമ്പിക്സിൽ നാലു സ്വർണം നേടിയിരുന്നു. ഒരു വെള്ളിയും രണ്ട് വെങ്കലവും കൂടിച്ചേർത്ത് 9 ഒളിമ്പിക് മെഡലുകൾക്ക് ഉടമയാണ് സിമോൺ.