modi-kailash-nathan

അടുത്ത കാലം വരെ പരസ്യമായ ഒരു രഹസ്യം ഗുജറാത്തിന്റെ അധികാര ഇടനാഴികളിൽ മുഴങ്ങിയിരുന്നു. ഗുജറാത്തിലെ ബിജെപി സർക്കാരിന് കെ.കെ ഇല്ലാതെ ഒരിഞ്ച് അനങ്ങാൻ കഴിയില്ല എന്നതായിരുന്നു പരസ്യമായിരുന്ന ആ ഇടനാഴി രഹസ്യം. കെ.കെ എന്നാൽ കുനിയിൽ കൈലാഷ് നാഥൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ അനുചരന്മാരിൽ ഒരാൾ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്രസർക്കാർ പുതുച്ചേരിയുടെ ലഫ്. ഗവർണർ ആയി നിയമിച്ചത്.

ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തിന്റെ കണ്ണും കാതുമായിരുന്നു കൈലാഷ്‌ നാഥൻ. മോദി​ പ്രധാനമന്ത്രി​യായ ശേഷം ആനന്ദി ബെൻ പട്ടേൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നീ മുഖ്യമന്ത്രിമാരുടെയും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 2013ൽ അഡീഷൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹത്തെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി സൃഷ്‌ടിച്ച് ഗുജറാത്തിൽ നിലനിർത്തുകയായിരുന്നു.

മോദി പ്രധാനമന്ത്രിയായതിന് ശേഷം വന്ന മുഖ്യമന്ത്രിമാരുടെയെല്ലാം ഓഫീസിലെ ആദ്യ നിയമനം കൈലാഷ്‌ നാഥന്റേതായിരുന്നു. എഴ് തവണയാണ് അദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയത്. 2014ൽ ആദ്യമായി പ്രധാനമന്ത്രി പദം ഏറ്റെടുത്ത മോദി തന്റെ വിശ്വസ്തരായ എ.കെ ശർമ്മ, ഹാസ്‌മുഖ് ആദിയ, ജി.സി മുർമു, സഞ്ജയ് ഭവ്‌സർ, പി.കെ മിശ്ര എന്നീ സിവിൽ സ‌ർവീസ് ഉദ്യോഗസ്ഥരെ പിഎംഒയിലേക്ക് കൊണ്ടുപോയെങ്കിലും, കൈലാഷ്‌ നാഥനോട് ഗുജറാത്തിൽ തന്നെ തുടരാൻ പറഞ്ഞു. കാരണം, കെ.കെ ഗുജറാത്തിൽ തന്റെ കണ്ണും കാതുമായി തുടരേണ്ടത് മോദിയുടെ ആവശ്യമായിരുന്നു.

പിതാവ് തപാൽ വകുപ്പിലായിരുന്നു. ജനിച്ചതും വളർന്നതും ഊട്ടിയിൽ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1981ൽ ഗുജറാത്തിൽ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1991 മുതൽ 2001 വരെ അഹമ്മദാബാദിൽ മുൻസിപ്പൽ കമ്മിഷണറായി. ഗുജറാത്ത് മാരിടൈം ബോർഡിന്റെ സിഇഒ ആയിരുന്ന കൈലാഷ് നാഥൻ ഗൗതം അദാനിയുമായി വളരെ സൗഹൃദത്തിലായിരുന്നു. തുറമുഖങ്ങളുടെ സ്വകാര്യവത്‌കരണം കൈലാഷിന്റെ മേൽനോട്ടത്തിലായിരുന്നു. കൈലാഷ് നാഥനാണ് അദാനിയെ മോദിയുമായി കൂടുതൽ ബന്ധപ്പെടുത്തുന്നത്.

അടിസ്ഥാന വികസന പദ്ധതികളിലൂടെ ഗുജറാത്തിന്റെയും മോദിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. കൈലാഷ്‌ നാഥന്റെ ഉപദേശപ്രകാരമായിരുന്നു ഗുജറാത്തിലെ ബ്യൂറോക്രാറ്റ്,​ രാഷ്‌ട്രീയ നിയമനങ്ങൾ. മറ്റ് മുതിർന്ന നേതാക്കളെ പിന്തള്ളി മോദിക്ക് പ്രധാനമന്ത്രി പദം ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

അഹമ്മദാബാദിനുള്ള ബസ് റാപ്പിഡ് ട്രാൻസിറ്റ് പ്രോജക്റ്റ് വികസിപ്പിച്ച കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു. ഭൂകമ്പത്തിൽ തകർന്ന കച്ച് പുനരുദ്ധരിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ മുഖ്യ സംഘാടകൻ. മോദി ഏൽപ്പിച്ച സബർമതി ആശ്രമം നവീകരണവും പൂർത്തിയാക്കി. ഗുജറാത്തിൽ കൈലാഷ് നാഥന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയ രണ്ട് പദ്ധതികളാണ് അദ്ദേഹത്തെ മോദിയുടെ പ്രിയങ്കരനാക്കിയത്. ഇന്ന് ഗുജറാത്തിലെ 70 ശതമാനത്തോളം ജനങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന നർമ്മദാ പ്രോജക്‌ട‌്, സൗരാഷ്‌ട്രയിലേക്ക് കുടിവെള്ളമെത്തിക്കുന്ന സൗനി യോജനയും.

2000 ആണ്ടുവരെ ഗുജറാത്തിൽ ഏറ്റവും ജലദൗ‌ർലഭ്യം അനുഭവിച്ചിരുന്ന പ്രദേശങ്ങളായിരുന്നു കച്ചും സൗരാഷ്‌ട്രയും. എന്നാൽ നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതി കെ.കെ നടപ്പാക്കി. 361 കിലോമീറ്ററാണ് വെള്ളത്തിനായുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കൈലാഷ് നാഥൻ കഴിഞ്ഞ മാസം വിരമിച്ചതിനു പിന്നാലെയാണ് പുതിയ നിയമനം. 2010ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കൈലാഷ്‌ നാഥന്റെ മകളുടെ വിവാഹത്തിന് തൃശൂരിൽ എത്തിയിരുന്നു. സുരേഷ് ഗോപിയെ ബിജെപിയിലേക്ക് എത്തിച്ചതും കൈലാഷ് നാഥന്റെ ബുദ്ധിയായിരുന്നു. തന്നെ കുറിച്ച് മോദിയോട് ആദ്യമായി പറയുന്നത് കൈലാഷ് നാഥനായിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിരുന്നു.