olympics

ന്യൂഡൽഹി: മനു ഭാക്കർക്കും സരബ്‌ജോത്ത് സിംഗിനും ഒളിമ്പിക്സ് മെഡലിലേക്ക് വഴികാട്ടിയ ദേശീയ പിസ്റ്റൾ ഷൂട്ടിംഗ് കോച്ചും, കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ താരവുമായ ഒളിമ്പ്യൻ സമരേഷ് ജംഗിന്റെ വീട് പൊളിച്ചു നീക്കാൻ നോട്ടീസ്. ഡൽഹി ഖൈബർപാസിലെ സിവിൽ ലൈൻ ഏരിയയിൽ സമരേഷിന്റെതടക്കമുള്ള വീടുകളുള്ളത് പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥലത്താണെന്നും, നിയമവിരുദ്ധമായാണ് ഇവിടെ താമസിക്കുന്നതെന്നും ചൂണ്ടിക്കാണിച്ച് ഭവന നഗര മന്ത്രാലയത്തിന് കീഴിലെ ലാൻഡ് ആൻഡ് ഡെവലപ്പ്‌മെന്റ ഓഫീസാണ് നോട്ടീസ് നൽകിയത്. ഉടൻ ഇവിടെ നിന്ന് മാറണമെന്നും വീടുകൾ രണ്ട് ദിവസത്തിനകം പൊളിച്ചുമാറ്റുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

75 വ‌ർഷമായി കുടുംബം ഇവിടെയാണ് താമസിക്കുന്നതെന്നും കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളിയെന്നും ഒട്ടും സമയം തരാതെ ഉടൻ ഇറങ്ങണമെന്ന് പറഞ്ഞാൽ എങ്ങോട്ട് പോകുമെന്നറിയില്ലെന്നും അർജുന അവാ‌ർഡ് ജേതാവ് കൂടിയായ സമരേഷ് പറഞ്ഞു.