money
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നഗര ഗ്രാമ വ്യത്യാസമില്ലാതെ പ്രതിസന്ധി നേരിടുകയാണ് നിര്‍മാണ മേഖല. അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ച അവസ്ഥയാണ് ഈ വ്യവസായം ഇപ്പോള്‍ കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും. ക്രഷറുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ചതും തുടര്‍ച്ചയായുള്ള മഴയും പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. വൈദ്യുതി തടസം, ഗതാഗത പ്രശ്‌നങ്ങള്‍ എന്നിവ ഗ്രാമീണ മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധി അനുബന്ധ സ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന സിമന്റ്, കമ്പി തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിപണിയെ മാന്ദ്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കരിങ്കല്‍, ചെങ്കല്‍ ഖനനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം കഴിഞ്ഞ മാസമാണ് നിരോധിച്ചത്. സര്‍ക്കാര്‍ അനുമതിയുള്ള ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് പോലും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലാണ്.

ക്രഷറുകളില്‍ നേരത്തെ സ്റ്റോക്കുണ്ടായിരുന്ന മെറ്റല്‍, എം.സാന്റ് തുടങ്ങിയവയാണ് അടുത്തകാലം വരെ നിര്‍മ്മാണമേഖലയിലേക്ക് എത്തിച്ചിരുന്നു. സ്റ്റോക്കുകള്‍ തീര്‍ന്നതോടെ ജോലികള്‍ ഏറെകുറെ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴക്കാലത്തെ തൊഴില്‍ പ്രതിസന്ധി മുന്നില്‍ കണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോയത് ഗ്രാമീണ മേഖലയില്‍ തൊഴിലാളി ക്ഷാമത്തിനും കാരണമായിട്ടുണ്ട്. ഇത് കാരണം തൊഴില്‍ പ്രതിസന്ധിയും രൂക്ഷമാണ്.