വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിക്കുന്നതിന് മണിക്കുറുകൾ ബാക്കി നിൽക്കെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. മിനിസോഡ ഗവർണർ ടിം വാൾസ്, പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ, ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കേർ, കെന്റക്കി ഗവർണർ ആൻഡി ബാഷെയർ, അരിസോന സെനറ്റർ മാർക്ക് കെല്ലി, ട്രാൻസ്പോർടാഷൻ സെക്രട്ടറി പീറ്റ് ബറ്റീജ് എന്നിവർക്കാണ് സാദ്ധ്യത. കമലയുടെ വൈസ് പ്രസിഡന്റ് നോമിനിയെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. ചൊവ്വാഴ്ച പെൻസിൽവേനിയയിലെ പ്രചാരണ പരിപാടിയിൽ കമലയ്ക്കൊപ്പം വൈസ് പ്രസിഡന്റ് നോമിനിയും എത്തും. എന്നിരുന്നാലും പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയ്ക്കാണ് സാദ്ധ്യത കൂടുതൽ. ഷാപിറോ സ്ഥാനാർഥികളുടെ പേരുകൾ പരിശോധിക്കുന്ന കമ്മിറ്റിയെ കണ്ടു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽകൂടിക്കാഴ്ചയിൽ കമല പങ്കെടുത്തില്ല.
അതേസമയം കമലയെ പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടി ആരംഭിച്ച
വെർച്വൽ വോട്ടിംഗ് ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 1.30ന് അവസാനിക്കും. എതിർ സ്ഥാനാർത്ഥികളില്ല എന്നതിനാൽ ഔദ്യോഗിക നോമിനേഷൻ ഉറപ്പിച്ചു. 3,900ത്തിലേറെ ഡെലിഗേറ്റുകളിൽ 1,976 പേരുടെ പിന്തുണയാണ് കമലയ്ക്ക് വേണ്ടത്. 99 ശതമാനം ഡെലിഗേറ്റുകളുടെയും പിന്തുണ കമലയ്ക്കുണ്ട്. നോമിനേഷൻ ലഭിക്കുന്നതോടെ യു.എസ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കറുത്ത വംശജ, ഇന്ത്യൻ വംശജ തുടങ്ങിയ റെക്കാഡുകളും കമലയ്ക്ക് സ്വന്തമാകും.
'പ്രിസണർ എക്സ്ചേഞ്ച്'
തടവുകാരെ മോചിപ്പിച്ച് അമേരിക്കയും, റഷ്യയും
ശീതയുദ്ധത്തിന് ശേഷം തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ച് യു.എസും റഷ്യയും. മാധ്യമപ്രവർത്തകർ, സൈനികർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയ ഇരുപത്തിയാറോളം ആളുകളെയാണ് മോചിതരാക്കിയത്. ഏറെക്കാലമായി നടന്ന ചർച്ചകൾക്കൊടുവിൽ മോചനം. അമേരിക്കയിലേക്ക് തിരികെയെത്തിയ തടവുകാരെ പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സ്വീകരിച്ചു. 2022 ഡിസംബറിൽ ആയിരുന്നു അവസാന കൈമാറ്റം നടന്നത്. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വളരെക്കാലമായി ഈ കൈമാറ്റത്തിനുവേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ചർച്ചകൾ നടന്നെങ്കിലും, എല്ലാം വിഫലമായിരുന്നു.
കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഈ മോചനം സ്വാധീനം ചെലുത്തും. മോചനത്തിനായുണ്ടാക്കിയ കരാറുകളിൽ ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഇത് മോശം മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. യുഎസ്എയും റഷ്യയും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുന്ന ഉപാധിയായി ഈ കരാറിനെ കാണുന്നതായി വിദഗ്ധർ പറയുന്നു.
യു.എസ് മാദ്ധ്യമ പ്രവർത്തകനെ മോചിപ്പിച്ച് റഷ്യ
മോസ്കോ : റഷ്യയിൽ ചാരക്കേസിൽ അറസ്റ്റിലായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടറും യു.എസ് പൗരനുമായ ഇവാൻ ഗെർഷ്കോവിചിനെ (32) മോചിപ്പിച്ചു. തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യുന്നതിന് യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ഏർപ്പെട്ട ഉടമ്പടിയുടെ ഭാഗമായാണ് നീക്കം. ഗെർഷ്കോവിചിന് അടുത്തിടെ റഷ്യൻ കോടതി 16 വർഷം തടവ് വിധിച്ചിരുന്നു. ഉടമ്പടിയുടെ ഭാഗമായി റഷ്യ, യു.എസ്, ജർമ്മനി, പോളണ്ട്, സ്ലോവേനിയ, നോർവെ, ബെലറൂസ് എന്നീ രാജ്യങ്ങളിലെ ജയിലിൽ കഴിഞ്ഞ ആകെ 26 പേർ മോചിതരായി. വിമാനമാർഗ്ഗം തുർക്കിയിലെ അങ്കാറയിലെത്തിച്ച് ഇവരെ പരസ്പരം കൈമാറ്റം ചെയ്തു. 10 പേരെ റഷ്യക്കും 13 പേരെ ജർമ്മനിക്കും 3 പേരെ യു.എസിനും വിട്ടുകൊടുത്തു.