olympics

ലക്ഷ്യ സെൻ ബാഡ്മിന്റൺ സിംഗിൾസ് സെമിഫൈനലിൽ

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം

ക്വാർട്ടർ ഫൈനലിൽ ചൗ ടിയെൻ ചെന്നിനെ തോൽപ്പിച്ചു

പാരീസ് : ഒളിമ്പിക് മെഡലെന്ന തന്റെ ലക്ഷ്യത്തിലേക്ക് ഒരു പടവുകൂടി അടുത്ത് ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. ഇന്നലെ ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യുടെ ചൗ ടിയെൻ ചെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീ‌ഴടക്കിയ ലക്ഷ്യ ഒളിമ്പിക്സിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെന്നിസ് താരമെന്ന റെക്കാഡും സ്വന്തമാക്കി. സെമിയിൽ വിജയിച്ച് ഫൈനലിലെത്തിയാൽ ലക്ഷ്യയ്ക്ക് സ്വർണത്തിനോ വെള്ളിക്കോ സാദ്ധ്യതയുണ്ട്. സെമിയിൽ തോറ്റാൽ വെങ്കലത്തിനായുള്ള മത്സരം ബാക്കിയുണ്ടാവും.

ഇന്നലെ ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായി തിരിച്ചുവന്നാണ് ലക്ഷ്യ വിജയം കണ്ടത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 19-21,21-15,21-12 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ ജയം. ആദ്യ ഗെയിമിൽ കടുത്തപോരാട്ടമാണ് ഇരുവരും നടത്തിയത്. എന്നാൽ ചില പിഴവുകൾ ലക്ഷ്യയ്ക്ക് തിരിച്ചടിയായി. രണ്ടാം ഗെയിമിൽ വാശിയോടെ ഇറങ്ങിയ ലക്ഷ്യ പിഴവുകൾ ഇല്ലാതെ കളിച്ചു. ചെന്നിന് ഇടയ്ക്ക് പരിക്കേറ്റതോടെ ലക്ഷ്യ ആത്മവിശ്വാസത്തോടെ മുന്നേറി. രണ്ടാം ഗെയിം ലക്ഷ്യ പിടിച്ചെടുത്തതോടെ ചെൻ പ്രതിരോധത്തിലായി. മൂന്നാം ഗെയിമിൽ അത് നിഴലിക്കുകയും ചെയ്തു. തുടക്കത്തിലേ ലീഡ് നേടിയ ലക്ഷ്യ ആ താളം വിട്ടുകൊടുക്കാതെ മുന്നേറി വിജയിക്കുകയായിരുന്നു.

നാളെയാണ് ലക്ഷ്യയുടെ സെമിഫൈനൽ. ഡെന്മാർക്കിന്റെ വിക്ടർ അക്സൽസനും സിംഗപ്പുരിന്റെ കീൻയേ ലോയും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ വിജയിയെയാണ് ലക്ഷ്യ സെമിയിൽ നേരിടേണ്ടത്.

പ്രീ ക്വാർട്ടറിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ കീഴടക്കിയാണ് ലക്ഷ്യ ക്വാർട്ടറിലെത്തിയത്. ബാഡ്മിന്റണിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ പ്രതീക്ഷയാണ് ലക്ഷ്യ. വനിതാ താരം പി.വി സിന്ധു കഴിഞ്ഞ ദിവസം പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു.