ഒരു പങ്കാളിയെ കണ്ടെത്താന്‍ ഇന്ന് ഡേറ്റിംഗ് ആപ്പുകളുടെ സഹായം തേടുന്നത് സര്‍വസാധാരണമാണ്. ആധുനിക ലോകത്ത് ഇതൊരു പുതുമയല്ലെങ്കിലും ഈ രംഗത്ത് ഒളിഞ്ഞിരിക്കുന്നത് ചെറിയ പ്രശ്‌നങ്ങളല്ല. ബാക്കി ജീവിതത്തേപ്പോലും ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന അപകടങ്ങളാണ് ഈ ആപ്പുകള്‍ക്ക് പിന്നിലെ സൗഹൃദങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള നിരവധി കഥകളും സംഭവങ്ങളും നാം കേള്‍ക്കാറുമുണ്ട്. അത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ച് വേണം ഈ ബന്ധങ്ങളില്‍ ചെന്ന് തലവയ്ക്കാന്‍.
ഡേറ്റിംഗ് ആപ്പുകളില്‍ ആര്‍ക്കും വളരെ എളുപ്പത്തില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതാണ് ഒന്നാമത്തെ അപകടം. ഇതിലൂടെ ഒരാള്‍ക്ക് സ്വന്തം വ്യക്തിത്വം ചുറ്റുപാട് എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ പലതരം തട്ടിപ്പിനും നിങ്ങള്‍ ഇരയായി മാറിയേക്കാം. പേര്, ഫോട്ടോ, ലൊക്കേഷന്‍ പോലുള്ള വിവരങ്ങള്‍ നിങ്ങള്‍ ഡേറ്റിംഗ് ആപ്പുകളില്‍ പങ്കുവയ്‌ക്കേണ്ടതായി വരും.
നമ്മള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതാണ് പ്രധാന വെല്ലുവിളി. ഹാക്കര്‍മാരുടെ കയ്യില്‍ പോലും വിവരങ്ങള്‍ എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നതാണ് ഒരു കാര്യം. ഡേറ്റിംഗ് ആപ്പുകള്‍ വഴി ലഭിക്കുന്ന നമ്മുടെ വ്യക്തിവിവരങ്ങള്‍ ഇത്തരം കമ്പനികള്‍ ഉപയോഗിക്കാനും തേഡ് പാര്‍ട്ടിക്ക് വില്‍ക്കാനും സാദ്ധ്യതയുണ്ടെന്നത് മറക്കരുത്. ആപ്പുകളില്‍ പരിചയപ്പെട്ട ശേഷം നമ്മളോട് സംസാരിക്കുന്ന രീതിയിലായിരിക്കില്ല ഒരിക്കലും ഒരു വ്യക്തി യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട് സംസാരിക്കുന്നത്.
ഇത്തരം ആപ്പുകള്‍ വഴി വിവാഹ തട്ടിപ്പും പണം കൈക്കലാക്കലും ഇന്ന് സാധാരണ സംഭവങ്ങളാണ്. അതുപോലെ തന്നെ ശാരീരിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. പലപ്പോഴും സെക്‌സ് റാക്കറ്റുകളില്‍ പോലും കുടുങ്ങിപ്പോയിട്ടുള്ള നിരവധി സംഭവങ്ങള്‍ ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം കാരണം ഉണ്ടായിട്ടുണ്ടെന്നതാണ് മറ്റൊരു അപകടം.