agriculture

അടിമാലി: ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ ഇഞ്ചിവില കൂടി. രണ്ടു വര്‍ഷം മുമ്പ് കിലോക്ക് 128 രൂപ ലഭിച്ചിരുന്ന ഗുണമേന്മയേറിയ നാടന്‍ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 രൂപയായും ഉയര്‍ന്നു. ഹൈറേഞ്ചിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ നാടന്‍ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടതാണ് വില കൂടാന്‍ കാരണം.കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കൊണ്ട് ഹൈറേഞ്ചില്‍ തന്നാണ്ട് കൃഷിയിറക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.

അത്തരത്തില്‍ ഉത്പാദനത്തില്‍ വലിയ കുറവ് വന്നിട്ടുള്ള കാര്‍ഷികോത്പന്നങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ മുമ്പ് വന്‍തോതില്‍ ഇഞ്ചിയും ചുക്കും എത്തിയിരുന്നു. ഇപ്പോള്‍ പേരിനു മാത്രമേ ഇഞ്ചി എത്തുന്നുള്ളു. ഇടക്കാലത്ത് ഏലം വില ഉയര്‍ന്നതോടെ പലരും ഇഞ്ചി കണ്ടങ്ങള്‍ ഉഴുതുമറിച്ച് ഏല തട്ടകള്‍ നട്ടു. രണ്ടു വര്‍ഷം മുമ്പ് ഇഞ്ചി വില 128രൂപ ആയതോടെ ഉത്പാദന ചെലവ് പോലും താങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കര്‍ഷകര്‍.

ഇഞ്ചി കൃഷിക്ക് നടീല്‍ മുതല്‍ വിളവെടുപ്പ് വരെ മികച്ച പരിപാലനവും വളപ്രയോഗവും വേണം. പരിപാലന ചിലവ്വ് കൂടിയതോടെ കര്‍ഷകര്‍ പലരും കൃഷിയില്‍ നിന്നും പിന്‍വാങ്ങി.കാലാവസ്ഥാ വ്യതിയാനവും ചാണകം ഉള്‍പ്പെടെയുള്ള ജൈവ വളങ്ങളുടെ വിലവര്‍ദ്ധനവും കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഈ പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് പതിവായി ഇഞ്ചി കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ വില തകര്‍ച്ചയില്‍ കടക്കെണിയിലുമായി. മുമ്പ് വന്‍തോതില്‍ ഇഞ്ചി കൃഷി ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ മറ്റു കൃഷികള്‍ക്കൊപ്പം പേരിനു മാത്രമേ ഇഞ്ചി ഉത്പാദിപ്പിക്കുന്നുള്ളൂ.