nayanthara

ചെന്നൈ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ജീവിതം നിലച്ച മനുഷ്യര്‍ക്ക് സഹായവുമായി നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇവർ നല്‍കിയത്. മക്കളായ ഉയിരിനും ഉലകിനും ഒപ്പമാണ് ഇരുവരും ദുരന്തബാധിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധികര്‍ക്കൊപ്പം ഞങ്ങളുടെ മനസുമുണ്ടെന്ന് നയന്‍താരയും വിഘ്‌നേഷും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അവിടത്തെ മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങളും നഷ്ടങ്ങളും ഉള്ളുലയ്ക്കുന്നതാണ്. വലിയ സഹായം ആവശ്യമുള്ള സമയത്ത് പരസ്പരം പിന്തുണയുമായി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട പ്രാധാന്യം മനസിലാക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഒരു ഐക്യദാര്‍ഢ്യമെന്ന നിലയ്ക്ക്, ദുരന്തബാധിതര്‍ക്കുള്ള അടിയന്തര സഹായം എത്തിക്കാനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങള്‍ 20 ലക്ഷം രൂപ നല്‍കുകയാണ്. നമ്മുടെ സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാസംഘങ്ങളും മറ്റു പല സംഘടനകളും ഒന്നിച്ചുനിന്ന്, സഹായവും പിന്തുണകളുമായി അക്ഷീണം പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയുന്നത് ഹൃദയംനിറയ്ക്കുന്നു. സമാശ്വാസവും സഹാനുഭൂതിയുമായി നമുക്കെല്ലാവര്‍ക്കും കരുത്തോടെ ഒന്നിച്ചുനില്‍ക്കാമെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

നയന്‍താരയ്ക്കും വിഘ്‌നേഷിനും പുറമെ തമിഴ് സിനിമാ ലോകത്തുനിന്നു വേറെയും നിരവധി താരങ്ങള്‍ വയനാടിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 25 ലക്ഷം പ്രഖ്യാപിച്ച് കമല്‍ഹാസനാണ് ആദ്യമായി സഹായഹസ്തം നീട്ടിയ താരങ്ങളിലൊരാള്‍. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും തെലുങ്ക് നടി രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

മലയാളത്തില്‍നിന്ന് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പേർളി മാണി, ശ്രീനിഷ്, മഞ്ജു വാര്യര്‍, നവ്യാ നായര്‍, ആസിഫ് അലി തുടങ്ങിയ നിരവധി താരങ്ങള്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് ഇരുവരും സഹായം നല്‍കിയത്.

5 ലക്ഷം രൂപയാണ് മഞ്ജു വാര്യർ ധനസഹായം നൽകിയത്. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്.