വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി നവ്യാ നായർ. അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ എന്നായിരുന്നു താരത്തിന്റെ പോസ്റ്റിൽ ഒരാളുടെ കമന്റ്. അതേസമയം, എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂവെന്നും നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ, അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ നവ്യയുടെ മറുപടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകൾ എത്തി.
ഷൂട്ടിംഗ് തിരക്കുകളായതിനാൽ നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഒരു ലക്ഷം രൂപയാണ് നവ്യ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 'ഞാൻ കുമളിയിൽ ഷൂട്ടിലാണ്. എന്റെ അസാന്നിദ്ധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ. വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ. ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസേജ് അയക്കുന്ന കൂട്ടുകാർക്ക്, ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്'- താരം കുറിച്ചു.
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി സിനിമാരംഗത്തുളള പ്രമുഖർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ്. മമ്മൂട്ടി ആദ്യ ഘട്ടമായി 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഫഹദ് ഫാസിൽ 25 ലക്ഷവും ദുൽഖർ സൽമാൻ 15 ലക്ഷവും കൈമാറി. സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ സംഭാവന നൽകി. തെന്നിന്ത്യൻ താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും നൽകി.