തിരുവനന്തപുരം : കർക്കടക വാവുബലിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വിവിധക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനായി എത്തിയത് ലക്ഷക്കണക്കിന് ഭക്തർ. പ്രധാന കേന്ദ്രങ്ങളായ തിരുവല്ലത്ത് 25000 പേരും വർക്കലയിൽ 40000 പേരും തിരുമുല്ലവാരത്ത് 75000 പേരും ശംഖുംമുഖത്ത് 7000 പേരും കഠിനംകുളത്ത് 5000 പേരും ആലുവയിൽ 10000 പേരും പിതൃതർപ്പണം നടത്തി. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 40 കേന്ദ്രങ്ങളിൽ ചടങ്ങുകൾ നടന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ തന്നെ വലിയ ഭക്തജനത്തിരക്കാണ് എല്ലാ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. ചടങ്ങുകളിൽ പങ്കെടുത്ത മുഴുവൻ ഭക്തർക്കും ഭക്ഷണവും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു.