couple

മലപ്പുറം: വിവാഹ വാർഷികത്തിനായി മാറ്റിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദമ്പതികൾ. ചെറുമുക്ക് റഹ്മത്ത് നഗറിലെ അനയം ചിറക്കൽ റാസിഖ്- ഹസ്ന ദമ്പതികളാണ് 25,000 രൂപ കൈമാറിയത്. ദമ്പതികളുടെ അഞ്ചാം വിവാഹ വാർഷികമായിരുന്നു ഓഗസ്റ്റ് ഒന്നിന്. അന്നാണ് ഇവർ ആഘോഷങ്ങൾക്കായി മാറ്റിവച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തത്. വയനാട് ദുരന്ത കാഴ്ചകൾ ഞങ്ങൾ ഒരുമിച്ചിരുന്ന് വാർത്താ ചാനലിലൂടെ കണ്ടപ്പോൾ ആദ്യം ഞാൻ നോക്കിയത് എന്റെ രണ്ട് കുട്ടികളെയാണെന്ന് റാസിഖ് പറഞ്ഞു.

'എന്റെ മക്കൾ ഇവിടെ സുഖമായി ഉറങ്ങുമ്പോൾ വയനാടിന്റെ മണ്ണിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട മക്കളെയും മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ മുഖവും മനസ്സിൽ ഒരു വിങ്ങൽ സൃഷ്ടിച്ചു. അങ്ങനെയാണ് ഞാൻ ഈ തുക നമ്മുടെ കൂടപ്പിറപ്പുകൾക്ക് ചെറിയ രീതിയിലെങ്കിലും ഒരാശ്വാസമാകുമല്ലോ എന്നോർത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചത്. ഇതാണ് എന്റെ ഈ വർഷത്തെ വിവാഹ വാർഷിക സമ്മാനം എന്ന് പറഞ്ഞപ്പോൾ ഭാര്യ ഹസ്നക്കും ഇരട്ടി സന്തോഷം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യം പറഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും എന്റെ ഭാര്യ തന്നെയാണ്. അങ്ങനെത്തന്നെയാണ് ഞങ്ങളുടെ മക്കളെയും വളർത്താൻ ശ്രമിക്കുന്നത്.


ഇതൊക്കെ സോഷ്യൽ മീഡിയയിലൂടെ പബ്ലിസിറ്റി ചെയ്യാൻ എന്ന് കുറച്ച് പേർക്കെങ്കിലും തോന്നും. എനിക്കും ഇതാദ്യം തോന്നിയിരുന്നു. ഞങ്ങൾ രണ്ടു പേരും ചേർന്നാണ് തീരുമാനം എടുത്തത്. ഈ പോസ്റ്റ് കണ്ടിട്ട് ആർക്കെങ്കിലും പ്രചോദനം ആയാലോ എന്ന് ഭാര്യയാണ് പറഞ്ഞത്. അങ്ങനെയാണ് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. അപ്പൊ സാമ്പത്തികമായി സഹായം ചെയ്യാൻ പറ്റുന്നവർ അങ്ങനെയും ഭക്ഷണവും വസ്ത്രവും മറ്റും എത്തിക്കാൻ പറ്റുന്നവർ അങ്ങനെയും അതല്ല നേരിട്ട് പോയി ശാരീരികമായിട്ടുള്ള സഹായങ്ങൾ ചെയ്യാൻ പറ്റുന്നവർ അങ്ങനെയും ചെയ്യണം'- റാസിഖ് പറഞ്ഞു.