ചെന്നൈ: ശ്രീരാമനേക്കുറിച്ചുള്ള തമിഴ്നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ എസ്.എസ്. ശിവശങ്കറിന്റെ പരാമർശത്തിൽ പ്രതിഷേധം. രാമൻ ജീവിച്ചിരുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്നും ചരിത്രപരമായി അസ്തിത്വമില്ലെന്നുമുള്ള പരാമർശമാണ് വിവാദമായത്. ഇതോടെ വിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. ചോളരാജവംശത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ശിവശങ്കറിന്റെ പരാമർശം. അരിയല്ലൂരിൽ ചോള ചക്രവർത്തി രാജേന്ദ്ര ചോളന്റെ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഗംഗൈകൊണ്ടചോളപുരത്തായിരുന്നു പരിപാടി. രാജേന്ദ്രചോളന്റെ ജന്മദിനം ആഘോഷിക്കണം. അല്ലെങ്കിൽ നമ്മളുമായി ബന്ധമോ തെളിവോ ഇല്ലാത്ത ആഘോഷങ്ങൾ നടത്താൻ നിർബന്ധിതരാകും.
പ്രധാനമന്ത്രി മോദി അയോദ്ധ്യയിൽ രാമനുവേണ്ടി ക്ഷേത്രം പണിതതായി അരിയല്ലൂർ എം.എൽ.എ ചിന്നപ്പ ഇവിടെ പ്രസംഗത്തിൽ സൂചിപ്പിച്ചു. 3000 വർഷം മുമ്പുണ്ടായിരുന്ന അവതാരമാണ് രാമനെന്ന് പറഞ്ഞു. അത് ശരിയല്ല, അങ്ങനെയൊരു ചരിത്രമില്ല. രാജേന്ദ്ര ചോളന്റെ പൈതൃകം ഓർമിപ്പിക്കാൻ അമ്പലങ്ങളുണ്ട്, അദ്ദേഹം നിർമ്മിച്ച കുളങ്ങളുണ്ട്, ലിഖിതങ്ങളുണ്ട്, പ്രതിമകളുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കൊണ്ടാടുന്നത്. എന്നാൽ, രാമൻ ജീവിച്ചിരുന്നുവെന്നതിന് തെളിവില്ല. അവതാരം എന്നാണ് വിളിക്കുന്നത്, അവതാരങ്ങൾക്ക് ജനനമില്ല. അവരെ ദൈവങ്ങളായി കാണുന്നു. നമ്മുടെ ചരിത്രത്തെ മായ്ച്ചുകളയുന്നെന്നും പറഞ്ഞു.
തിരിച്ചടിച്ച് അണ്ണാമലൈ
എന്നാൽ വിവാദമായതോടെ ബി.ജെ.പി. തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. കഴിഞ്ഞ ആഴ്ച ഡി.എം.കെയുടെ നിയമമന്ത്രി തിരു രഘുപതി പ്രഖ്യാപിച്ചത് ഭഗവാൻ ശ്രീരാമൻ സാമൂഹ്യനീതി നടപ്പാക്കിയെന്നും മതേതരത്വത്തിന്റെ തുടക്കക്കാരനും തുല്യത പ്രഖ്യാപിച്ചവനുമാണെന്നാണ്.
ചോളവംശത്തിന്റെ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനെ എതിർത്തവരല്ലേ ഡി.എം.കെയെന്ന് അണ്ണാമലൈ ചോദിച്ചു. 1967ൽ മാത്രമാണ് സംസ്ഥാനം ഉണ്ടായതെന്ന് കരുതുന്ന ഡി.എം.കെയ്ക്ക് പെട്ടെന്ന് രാജ്യത്തിന്റെ സംസ്‌കാരത്തോട് ആഭിമുഖ്യം തോന്നുന്നത് പരിഹാസ്യമാണ്. മന്ത്രിമാരായ രഘുപതിയും ശിവശങ്കറും ഒന്നിച്ചിരുന്ന് രാമന്റെ കാര്യത്തിൽ ഒരു തീർപ്പിലെത്തണമെന്നും അണ്ണാമലൈ പരിഹസിച്ചു.