തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപകൈമാറിയതിന് പിന്നാലെ സിപിഎം എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കൈമാറാന്‍ തീരുമാനിച്ചു. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനാണ് ഒരു മാസത്തെ ശമ്പളം കൈമാറാന്‍ സിപിഎം ജനപ്രതിനിധികള്‍ തീരുമാനിച്ചത്.
പാര്‍ലമെന്റിലെ സിപിഎം അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസന്‍, എ.എ. റഹിം, സു. വെങ്കിടേശന്‍, ആര്‍. സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം എട്ടുലക്ഷം രൂപയാണ് സിപിഎം എംപിമാര്‍ സംഭാവനചെയ്യുന്നത്.
സിപിഎം എംഎല്‍എമാരും തങ്ങളുടെ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ കൈമാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപ സിഎംഡിആര്‍എഫിലേക്ക് കൈമാറി.
സിപിഎം കേരള സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അറിയിച്ചു. സിഎംഡിആര്‍എഫിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.