a

ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്‌മയിൽ ഹനിയേയെ ഇസ്രയേൽ വധിച്ചത് ഹ്രസ്വദൂര പ്രൊജക്‌ടൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ റെവലൂഷണറി ഗാർഡ്.

ഹനിയെ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിക്കും.

ഹനിയേയെ വധിക്കാൻ ഇസ്രയേലിന് യു.എസ് പിന്തുണ നൽകിയെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആരോപിച്ചു.

ഹനിയേ കൊല്ലപ്പെട്ട ടെഹ്റാൻ ഗസ്റ്റ് ഹൗസിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഗസ്റ്റ് ഹൗസ്. കൊലപാതകം നടന്ന ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ഫോണുകൾ ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു.

ഇസ്രയേലി ചാരസംഘടനയുടെ ഏജന്റുമാരെന്ന് കരുതുന്നവർക്കായി വിമാനത്താവളങ്ങളിലടക്കം കടുത്ത നിരീക്ഷണമാണ് ഇറാൻ നടത്തുന്നത്

പിന്നിൽ മൊസാദ്

ഹനിയേയെ വധിക്കാൻ ഇസ്രയേൽ ചാരസംഘടന മൊസാദ് മൂന്ന് ഇറാൻ സുരക്ഷാഏജന്റുമാരെ വിലയ്‌ക്കെടുത്തതായി റിപ്പോർട്ട് വന്നു. ഹനിയേ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളിൽ ബോംബ് വയ്ക്കാനായിരുന്നു ഇവരെ നിയോഗിച്ചത്. മേയിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഹനിയെയെ വധിക്കാനായിരുന്നു ആദ്യപദ്ധതി. ആൾക്കൂട്ടം കാരണം പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

യുദ്ധക്കപ്പലുകൾ വിന്യസിക്കും

സംഘർഷ സാദ്ധ്യത വർദ്ധിച്ച സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുമെന്ന് യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ അറിയിച്ചു.

കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും മേഖലയിൽ വിന്യസിക്കും. പശ്ചിമേഷ്യയിൽ കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടു.

ഡ്രോൺ ആക്രമണം; 5 മരണം

വെസ്റ്റ്ബാങ്കിലെ തുൽക്കറെം നഗരത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ നബ്ലസിലെ സൈനിക വിഭാഗം തലവൻ ഹൈതം ബലിദിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഖാൻ യൂനിസിനടുത്ത് കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം ഒരു കുടുബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടു.