crime
വീട്ടിലെ നായ്ക്കളും, പ്രതി വിഷ്ണു തമ്പിയും

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറയ്ക്കാലയില്‍ ലഹരി സംഘത്തെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍. വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി വിഷ്ണു തമ്പി (34) ആണ് ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒരു ബംഗളൂരു സ്വദേശിയും രണ്ട് വിദേശവനിതകളും വിഷ്ണുവിനൊപ്പമുണ്ടായിരുന്നു.

കൊച്ചിയിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് വിദേശവനിതകളെന്ന് പൊലീസും എക്‌സൈസും പറയുന്നു. വിദേശവനിതകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കുന്നത്തുനാട് പൊലീസ് ശേഖരിക്കുകയാണ്. എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പടിഞ്ഞാറേ മോറയ്ക്കാലയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. വാടകയ്‌ക്കെടുത്ത വീട് കേന്ദ്രീകരിച്ച് കഴിഞ്ഞ ആറ് മാസമായി വിഷ്ണു ലഹരി വില്‍പ്പന നടത്തിവരികയായിരുന്നുവെന്നാണ് വിവരം.

ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരനാണെന്നും ഓഫീസ് ആവശ്യത്തിന് വേണ്ടിയാണ് വീട് വാടകയ്ക്ക് എടുക്കുന്നത് എന്നുമാണ് വിഷ്ണു വീട്ടുടമസ്ഥനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പൊലീസും എക്‌സൈസും വീട്ടിലെത്തി വിഷ്ണുവിനെ പിടികൂടിപ്പോഴാണ് നാട്ടുകാരും വിവരം അറിഞ്ഞത്. സ്ഥിരം കാണുമായിരുന്ന ഒരു ചെറുപ്പക്കാരനില്‍ നിന്ന് ഇത്തരമൊരു കാര്യം അയല്‍വാസികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ലഹരി ഇടപാട് നടക്കുന്ന വീട്ടില്‍ ഏഴ് നായകളാണ് കാവലിനുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.

ഏഴു നായ്ക്കളെ രാവിലെ വീട്ടില്‍ നിന്ന് മുറ്റത്തേക്കു അഴിച്ചുവിടും. പിന്നെ ആരും വീട്ടിലേക്ക് വരില്ല. തിരിഞ്ഞുനോക്കുകയുമില്ല. ഇതായിരുന്നു സ്ഥിരം ചെയ്തിരുന്നത്. വീട്ടില്‍ വിശിഷ്ട ഭക്ഷണങ്ങളും പാനീയങ്ങളും വിദേശ സിഗരറ്റുകളും ഉണ്ടായിരുന്നു. അതോടൊപ്പം സംഗീതപരിപാടികള്‍ക്കായുള്ള ഉപകരണങ്ങളും മുറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡി.ജെ. പാര്‍ട്ടിക്കുള്ള മുഴുവന്‍ സംവിധാനങ്ങളും എറണാകുളത്തെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.