v

പാരീസ് : പുരുഷ ബോക്സിംഗ് 71 കിലോ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നിഷാന്ത് ദേവ് ഇന്നലെ ക്വാർട്ടർ ഫൈനലിൽ പൊരുതിവീണു. മെക്സിക്കൻ താരം മാർക്കോ അലൻസോ വെർദെ അൽവാരേസാണ് ആദ്യന്തം ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ നിഷാന്തിനെ കീഴടക്കിയത്. മൂന്ന് റൗണ്ട് പോരാട്ടത്തിൽ കൂടുതൽ സമയവും മികച്ചുനിന്നത് ഇന്ത്യൻ താരമായിരുന്നെങ്കിലും അമ്പയർമാർ 4-1 എന്ന സ്കോറിന് മെക്സിക്കൻ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനലിൽ വിജയിച്ചിരുന്നെങ്കിൽ നിഷാന്തിന് ഒരു മെഡൽ ഉറപ്പിക്കാൻ കഴിയുമായിരുന്നു. ആ ആവേശത്തോടെയാണ് നിഷാന്ത് ഇന്നലെ പോരാട്ടം തുടങ്ങിയത്. എന്നാൽ മെക്സിക്കൻ ബോക്സറും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ആദ്യ റൗണ്ടിന്റെ അവസാന ഘട്ടത്തിലാണ് മെക്സിക്കൻ താരത്തിന് തിരിച്ച‌ടിക്കാൻ കഴിഞ്ഞത്. തുടർന്നുള്ള റൗണ്ടുകളിലും ഇരുവരും മികച്ച പഞ്ചുകൾ നടത്തി. താൻ പരാജയപ്പെട്ടത് വിശ്വസിക്കാനാവാതെയാണ് നിഷാന്ത് റിംഗിൽ നിന്ന് മടങ്ങിയത്.