finance
പ്രതീകാത്മക ചിത്രം


ഇന്ന് ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരായി ആരും തന്നെയില്ലെന്ന് പറയാം. എന്നാല്‍ സ്വന്തം ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് പാലിക്കേണ്ടി ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. അത്തരത്തില്‍ നമ്മള്‍ വരുത്തുന്ന ചെറിയ പിഴവുകളില്‍ നിന്ന് പോലും കോടികള്‍ സമ്പാദിക്കുകയാണ് ബാങ്കുകള്‍. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഇനത്തില്‍ ഈടാക്കുന്ന തുക.

2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഈടാക്കിയത് 8500 കോടിയിലധികം രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ മാത്രം ഇത് 5600 കോടിക്ക് മുകളിലാണ്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിന് പിഴ ഈടാക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്.

11 പൊതുമേഖലാ ബാങ്കുകളില്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ദ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ത്രൈമാസത്തില്‍ ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തതിന് ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്.മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളുടെ എണ്ണം പെരുകുന്നതോടെ പിഴ ഇനത്തില്‍ ബാങ്കുകള്‍ വാരുന്നത് കോടിക്കണക്കിന് രൂപ. രാജ്യത്ത് എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ സമ്പാദിച്ചത് 2,331 കോടി രൂപയാണ്.

കേന്ദ്രധനമന്ത്രാലയത്തിന്റെ ഈ കണക്കില്‍ സ്വകാര്യബാങ്കുകളുടെ വരുമാനം ഉള്‍പ്പെട്ടിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് ഈ ഇനത്തില്‍ മാത്രം 25.63 ശതമാനം വരുമാന വളര്‍ച്ചയാണ് ഉണ്ടായത്. ഓരോ ബാങ്കുകളും തങ്ങളുടെ കസ്റ്റമേഴ്സ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് തുക വ്യത്യസ്തമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. അക്കൗണ്ടുകളുടെ സ്വഭാവം അനുസരിച്ച് മാനേജ്മെന്റുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. അതുകൊണ്ട് തന്നെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് തുകയ്ക്ക് ഏകീകരണമില്ല.