cookwares

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇന്ന് നമ്മുടെ അടുക്കളകളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഭക്ഷണങ്ങളോടാണ് ഇന്ന് മിക്കവർക്കും പ്രിയം. മാത്രമല്ല, വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണത്തെ അപേക്ഷിച്ച് പുറത്തുനിന്ന് ഭക്ഷണം വരുത്തിച്ച് കഴിക്കാനാണ് പലർക്കും താത്‌പര്യം. ഇതിനുപുറമെ അടുക്കളയിലെ പാത്രങ്ങൾക്കും കാലാനുസൃതമായി മാറ്റമുണ്ടായിട്ടുണ്ട്. മൺചട്ടി, മൺകലം, അലുമിനിയം, ഇരുമ്പ് പാത്രങ്ങളോട് വിടപറഞ്ഞ് ഇന്ന് കൂടുതൽപ്പേരും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്.

എന്നാൽ നോൺസ്റ്റിക് പാത്രങ്ങളുടെ ആരോഗ്യപരമായ സുരക്ഷ സംബന്ധിച്ച് ഇന്ന് ചർച്ചകളും സജീവമാകുന്നുണ്ട്. എല്ലാ നോൺസ്റ്റിക്ക് പാനുകളും കോട്ട് ചെയ്തിരിക്കുന്നത് ടെഫ്ലോൺ എന്നറിയപ്പെടുന്ന പോളിടെട്രാഫ്ലൂറോഎത്തിലീൻ കൊണ്ടാണ്. ഇത് സാധാരണയായി സുരക്ഷിതമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും താപനില 300 ഡിഗ്രി സെൽഷ്യസിന് മുകളിലാവുമ്പോൾ ടെഫ്ലോൺ കോട്ടിംഗ് തകരാൻ തുടങ്ങും. ഇത് വായുവിൽ വിഷ രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നതിന് കാരണമാകും.

കൂടാതെ, പെർഫ്ലൂറോ ഒക്ടാനോയിക് ആസിഡ് എന്ന രാസവസ്തു 2015വരെ നോൺസ്റ്റിക്ക് ടെഫ്ലോൺ പാനുകൾ ലെയർ ചെയ്യാൻ ഉപയോഗിച്ചിരുന്നു. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടതോടെ ഇതിന്റെ ഉപയോഗം നിർത്തലാക്കി. എന്നാൽ വിലകുറഞ്ഞ നോൺസ്റ്റിക്ക് പാനുകളിൽ ഇന്നുമിത് ഉപയോഗിക്കുന്നുണ്ട്. ലിവർ ട്യൂമർ, സ്തനാർബുദം, വന്ധ്യത, തൈറോയ്ഡ്, കിഡ്നി ഡിസോർഡർ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇന്ന് നിരവധിയാളുകൾ മൺചട്ടി, മൺകലം എന്നിവയിലേയ്ക്ക് തിരികെ പോകുന്നുണ്ട്. ഇത്തരം പാത്രങ്ങളെ നോൺസ്റ്റിക് പോലെയാക്കി മാറ്റാമെന്ന കാര്യം പലർക്കും അറിവുണ്ടാവുകയില്ല. ഇനി ഈ സൂത്രവിദ്യ ഉപയോഗിച്ച് നോൺസ്റ്റിക്കിന്റെ അമിത ഉപയോഗത്തോട് വിടപറയാം.

ആദ്യം മൺചട്ടി ചകിരിയും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയെടുക്കണം. സോപ്പ് ഉപയോഗിക്കേണ്ടതില്ല. പയറുപൊടി, കടലമാവ് എന്നിവ ഉപയോഗിച്ചും കഴുകാവുന്നതാണ്. ചകിരിയാണ് ഏറ്റവും നല്ലത്. അടുത്തതായി നനവ് മാറിയതിനുശേഷം മൺചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചട്ടിക്കകത്ത് നന്നായി തേച്ചുപിടിപ്പിക്കണം. ഇനി ഇത് ഒന്നരമണിക്കൂർ മാറ്റിവയ്ക്കണം. വെയിലത്തും വയ്ക്കാവുന്നതാണ്.

എണ്ണ പിടിച്ചതിനുശേഷം കുറച്ച് ഗോതമ്പ് പൊടിയോ കടലമാവോ പയറുപൊടിയോ ഇട്ട് ചകിരിയുപയോഗിച്ച് കഴുകിയെടുക്കാം. ഇനി ഇത് വീണ്ടും ഉണങ്ങാൻ വയ്ക്കണം. ശേഷം വീണ്ടും കുറച്ച് വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി തേച്ചുകൊടുക്കണം. പിന്നാലെ വീണ്ടും ഉണങ്ങാൻ വയ്ക്കണം. ശേഷം വീണ്ടും ചകിരിയുപയോഗിച്ച് കഴുകിയുണക്കണം. ഇനി മൺചട്ടിയിൽ കുറച്ച് പച്ചരിയിട്ട് ചട്ടി നിറയുവോളം വെള്ളം ഒഴിച്ച് വെള്ളം തിളപ്പിക്കണം.

നന്നായി തിളച്ചുകഴിയുമ്പോൾ തീ അണച്ച് കഞ്ഞി തണുക്കാൻ വയ്ക്കണം. ശേഷം ഇത് മുഴുവനായി കളഞ്ഞിട്ട് കഴുകിയെടുത്ത് ഉണങ്ങാൻ വയ്ക്കണം. ശേഷം കുറച്ച് വെളിച്ചെണ്ണ കൂടി തടവി ഉണക്കിയെടുക്കണം. അവസാനമായി കുറച്ച് വെള്ളമൊഴിച്ച് നന്നായി തിളപ്പിക്കണം. ശേഷം വെള്ളം തണുത്ത് കഴിയുമ്പോൾ അത് കളഞ്ഞ് ചട്ടി ഉണക്കിയെടുത്ത് കഴിഞ്ഞാൽ നോൺസ്റ്റിക് മൺചട്ടി റെഡി.