വിതുര: മഴമൂലം അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇന്നലെ രാവിലെ തുറന്നു. ഇതോടൊപ്പം കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും തുറന്നു. അവധി ദിനമായതിനാൽ ഇന്നലെ പൊന്മുടിയിൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു.

സഞ്ചാരികൾ എത്തുന്നതിനിടയിൽ പൊന്മുടി കുളച്ചി കരയ്ക്ക് സമീപം റോഡരികിൽ മരം കടപുഴകി വീണ് പൊന്മുടി കല്ലാർ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സഞ്ചാരികൾ അപകടത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. പൊന്മുടിയിൽ പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. പൊന്മുടി സന്ദർശന ഫീസ് കുത്തനെ ഉയർത്തിയിട്ടുണ്ട്. 40 ൽ നിന്നും 80 രൂപയായി ഉയർത്തിയിരിക്കുകയാണ്. അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിനുപുറമേ പാർക്കിംഗ് ഫീസും കുത്തനെ ഉയർത്തും. വനം വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനിരുക്കുകയാണ് പൊന്മുടി സംരക്ഷണ സമിതി.

കാട്ടാനകൾ മരം തള്ളിയിട്ട് വൈദ്യുതി മുടങ്ങി.
കല്ലാർ മൊട്ടമൂട് റൂട്ടിൽ
റോഡരികിൽ നിന്ന വൻ പുരട്ടിമരം കാട്ടാനകൾ മറിച്ചിട്ടു. മരം വീണ് ഇലവൻ കെ.വി ലൈൻ തകർന്നു. മൊട്ടമൂട് റൂട്ടിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും മുടങ്ങി. ഇന്നലെ പുലർച്ചയാണ് കാട്ടാനകൾ മരം തള്ളിയിട്ടത്. നേരത്തെ രണ്ടു തവണ കല്ലാറിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.

മഴയത്തും കാറ്റത്തും കല്ലാർ പൊന്മുടി മേഖലയിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് ഗതാഗതം തടസപ്പെടുന്നതും വൈദ്യുതി ലൈൻ തകരുന്നതും പതിവാണ്. ഫയർഫോഴ്സ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.

വൈദ്യുതി മുടങ്ങുന്നു

മഴ കനത്തതോടെ പൊന്മുടി കല്ലാർ മേഖലയിൽ വൈദ്യുതി വിതരണം അടിക്കടി തടസപ്പെടുന്നു. ഒരാഴ്ചയായി ഇതാണ് അവസ്ഥ. വൈദ്യുതീകരണം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.