switzerland-

ലോകത്ത് ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യം ഏതാണെന്ന് ചോദിച്ചാൽ നമ്മൾ ആദ്യം കരുതുക യുഎസ് ആണെന്നാണ്. അത് ഒരു പരിധി വരെ ശരിയാണെന്ന് നമുക്ക് തോന്നും. ലോകത്തുള്ള പല കോടീശ്വരന്മാരുടെയും ആസ്ഥാനം യുഎസ് ആണ്. എന്നാൽ യുഎസിനേക്കാൾ അഞ്ച് മടങ്ങ് കോടീശ്വരന്മാരുള്ള ഒരു രാജ്യമുണ്ട് ഈ ലോകത്ത്. പറഞ്ഞുവരുന്നത് ലോകത്തെ ഏറ്റവും മനോഹര രാജ്യമെന്ന് വിശേഷിപ്പിക്കുന്ന സ്വിറ്റ്സർലൻഡിനെക്കുറിച്ചാണ്.

ഈ രാജ്യത്ത് ഏഴ് മുതിർന്നരിൽ ഒരാൾ കോടീശ്വരനാണെന്നാണ് റിപ്പോർട്ട്. അപ്പോൾ അവരുടെ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള രഹസ്യം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സ്വിസ് കോടീശ്വരന്മാർ തങ്ങളുടെ സമ്പത്ത് നേടുന്നതിനും നിലനിർത്തുന്നതിനും ഉപയോഗിക്കുന്ന ഏഴ് തന്ത്രങ്ങളെക്കുറിച്ച് അടുത്തിടെ ഒരു എഡ്യൂടെക് സംരംഭകൻ ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

അപകട സാദ്ധ്യതകൾ ലഘൂകരിക്കുന്നു
വ്യത്യസ്ത ബാങ്കുകൾക്ക് ശൈലികളും ഓഫറുകളും ഉണ്ടെന്ന് സ്വിസ് കോടീശ്വരന്മാർക്ക് കൃത്യമായി അറിയാം. ഉദാഹരണത്തിന് ചില ബാങ്കുകൾ റിയൽ എസ്‌റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും മികച്ചതായിരിക്കും. എന്നാൽ മറ്റ് ചില ബാങ്കുകൾക്ക് വിദേശവ്യാപാരത്തിന് അനുകൂലമാകുന്ന ചില ഘടകങ്ങളുണ്ടാകും. ഇത് മനസിലാക്കിയാൽ ഒരു പരിധിവരെ സാമ്പത്തികമായ അപകട സാദ്ധ്യത ലഘൂകരിക്കാൻ സാധിക്കും. സ്വിസ് കോടീശ്വരന്മാർ ഇക്കാര്യങ്ങളൊക്കെ കൃത്യമായി പിന്തുടരുന്നവരാണ്.

ആഡംബര കാറുകളില്ല
ഒരു സ്വിസ് കോടീശ്വരന്മാർക്കും ഡിസൈനർ ലോഗോകളോ ആഡംബര കാറുകളോ ഉണ്ടാകില്ല. അത്തരം കാര്യങ്ങളൊക്കെ അനാവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു. ലഭിക്കുന്ന സമ്പാദ്യം നേട്ടം ലഭിക്കുന്നിടത്ത് നിക്ഷേപിക്കാനാണ് അവർ ശ്രദ്ധിക്കുക. ഈ അച്ചടക്കമുള്ള സാമ്പത്തിക ശീലമാണ് അവരുടെ സ്വത്തുക്കൾ ക്രമേണ വർദ്ധിക്കാൻ പ്രധാന കാരണമാകുന്നത്.

വൈവിദ്ധ്യവത്കരണം
അതിരുകൾക്കപ്പുറമാണ് സ്വിസ് നിക്ഷേപകർ ചിന്തിക്കുന്നത്. അസ്തികളിൽ മാത്രമല്ല, താമസത്തിലും പൗരത്വത്തിലും അവർ വൈവിദ്ധ്യവൽക്കരണം നടത്തുന്നു. കാരണം, മിക്ക സ്വിസ് കോടീശ്വരന്മാർക്കും മറ്റ് രാജ്യങ്ങളിൽ പൗരത്വവും പാസ്‌പോർട്ടുമുണ്ട്. ഇത് സാമ്പത്തിക അവസരങ്ങളും നികുതിയിളവുകളും ലഭിക്കാൻ കാരണമാകുന്നു. ഈ ആഗോള ചിന്താഗതി അവരുടെ സാമ്പത്തിക ഭദ്രതയും വളർച്ചാ സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.

ക്ഷമയും ദീർഘകാല മാനസികാവസ്ഥയും
സ്വിസ് കോടീശ്വരന്മാർ ഒരിക്കലും പെട്ടെന്ന് പണക്കാരനാവണമെന്ന് ചിന്തിക്കില്ല. അവർ ക്ഷമയോടെയും ദീർഘകാല വീക്ഷണത്തോടെയുമാണ് സമ്പത്ത് കെട്ടിപ്പടുക്കുന്നത്. യഥാർത്ഥ സമ്പത്ത് പെട്ടെന്ന് പണം സമ്പാദിക്കുന്നതല്ല, അത് കാലക്രമേണ സുസ്ഥിരമായി നിലനിർത്തുകയും വളർത്തുകയും ചെയ്യുന്നതാണെന്നാണ് സ്വിസ് കോടീശ്വരന്മാർ വിശ്വസിക്കുന്നത്.


വാടക വീടുകൾ
യുഎസിൽ 65 ശതമാനം മുതിർന്നവർക്കും സ്വന്തമായി വീടുണ്ട്. എന്നാൽ സ്വിറ്റ്സർലൻഡിൽ 41 ശതമാനം മുതിർന്നവർക്ക് മാത്രമാണ് വീടുള്ളത്. അവർ വീടുകൾ വാങ്ങുന്നതിനേക്കാൾ വാടകയ്ക്ക് എടുക്കാൻ ഇഷ്ടപ്പെടുന്നു. വീടുകൾ വാങ്ങുന്നതിന് പകരം, ആ പണം ഉയർന്ന ആദായ നിക്ഷേപങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും പരമ്പരാഗത വീട്ടുടമസ്ഥതയെക്കാൾ വേഗത്തിൽ സമ്പത്ത് ശേഖരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

സ്ഥിരവും ഗണ്യമായതുമായ സമ്പാദ്യം
20 മുതൽ 30 ശതമാനം മറ്റെന്തെങ്കിലും ചെലവഴിക്കുന്നതിന് മുമ്പ് സ്വിസ് കുടുംബങ്ങൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സ്വയമേവ നീക്കിവച്ചുകൊണ്ട് സമ്പാദ്യത്തിന് മുൻഗണന നൽകുന്നു. ഈ അച്ചടക്കമുള്ള സമീപനം കാലക്രമേണ സ്ഥിരവും ഗണ്യമായതുമായ സമ്പാദ്യം ഉറപ്പാക്കുന്നു.

നിക്ഷേപ വൈദഗ്ദ്ധ്യം
ബിരുദം എടുക്കുന്നത് മാത്രമല്ല സ്വിറ്റ്സർലൻഡിലെ വിദ്യാഭ്യാസം. അവർ കൂടുതലും നൈപുണ്യ വികസനത്തിനാണ് പ്രധാന്യം നൽകുന്നത്. സ്വിസ് വ്യക്തികൾ അവരുടെ വാർഷിക വരുമാനത്തിന്റെ 5 മുതൽ 10 ശതമാനം വ്യക്തിഗത വളർച്ച, സാങ്കേതികവിദ്യ, സാമ്പത്തിക സാക്ഷരത എന്നിവയിൽ നിക്ഷേപിക്കുന്നു.