mamitha

വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു. സാമന്തയാണ് ചിത്രത്തിൽ നായിക. പ്രധാന കഥാപാത്രത്തെ മമിത അവതരിപ്പിക്കുന്നു എന്നാണ് വിവരം. സൂര്യ നായകനായി ബാലയുടെ സംവിധാനത്തിൽ തുടക്കം കുറിച്ച ചിത്രത്തിൽ മമിത അഭിനയിച്ചിരുന്നെങ്കിലും ഈ ചിത്രം പിന്നീട് ഉപേക്ഷിച്ചു. ജി.വി പ്രകാശിന്റെ നായികയായി റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. പ്രദീപ് രംഗനാഥന്റെ നായികയായി മമിത അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.എന്നാൽ

വിജയ് ചിത്രത്തിന്റെ ഭാഗമായി മമിത എത്തുമെന്ന് അണിയറ പ്രവർത്തകർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അജിത്ത് നായകനായി തുനിവ് എന്ന ചിത്രത്തിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ദളപതി 69 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിന് ശേഷം വിജയ് അഭിനയരംഗം പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്.കെ.വി.എൻ പ്രൊഡക്ഷൻസാണ് വിജയ് - എച്ച്. വിനോദ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വാർത്തകളുണ്ടായിരുന്നു, എന്നാൽ പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും ദളപതി 69.
ഒരിടവേളയ്ക്കു ശേഷം വിജയ്‌യും സാമന്തയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. 2017ൽ മെർസൽ എന്ന ചിത്രത്തിലാണ് വിജയ് യും സാമന്തയും അവസാനമായി ഒരുമിച്ചത്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കലെ രണ്ടു കാതൽ ആണ് സാമന്തയുടേതായി തമിഴിൽ അവസാനം റിലീസ് ചെയ്ത ചിത്രം.