olympics

ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പുരുഷൻമാരുടെ 100 മീറ്റർ പോരാട്ടത്തിനൊടുവിൽ പൊൻതിളക്കത്തിൽ നോഹ നിൽക്കുന്നത് ജീവിത വഴിയിൽ വിധിയുയർത്തിയ പ്രതിബന്ധങ്ങളേയും കീഴടക്കിയാണ്. ആസ്തമ, അലർജി, ഡിസ്‌ലെക്സിയ (വായിക്കാനും എഴുകാനും ബുദ്ധിമുട്ട്) , ശ്രദ്ധക്കുറവ്, ഉത്കണ്ഠ,വിഷാദരോഗം എന്നിവയെല്ലാം അലട്ടിയിട്ടും അതിനെയെല്ലാം മറികടന്നാണ് ലെെൽസ് ലോകത്തെ ഏറ്റവും വേഗേറിയ താരമായത്.

വാഷിംഗ്ടൺ ഡി.സിയുടെ പ്രാന്ത പ്രദേശമായ വിർജീനിയയിലെ അലക്സാണ്ട്രയിൽ 1997 ജൂലായ് 18നായിരുന്നു നോഹയുടെ ജനനം.പിതാവ് കെവിൻ ലെൈൽസും മാതാവ് കെയിഷ കെയിനും അത്‌ലറ്റുകളായിരുന്നു. ചെറുപ്പം മുതലേ ആസ്ത്മ കാരണം ഏറെ ബുദ്ധിമുട്ടിയ നോഹ സ്കൂളിൽ പോകുന്നതുപോലും ആറ് വയസിന് ശേഷമാണ്. എന്നാൽ ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയും വായിക്കാനും എഴുതാനുമുള്ള ബുദ്ധിമുട്ടും നോഹയെ കുഴക്കി. തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന നോഹ ജിംനാസ്റ്റിക്സ് ഉൾപ്പെടെ പല കായിക ഇനങ്ങളിലും പയറ്റിനോക്കി. 12-ാം വയസിലാണ് ഓട്ടത്തിൽ ഒരുകൈനോക്കാനിറങ്ങുന്നത്. അത് വഴിത്തിരിവായി.ചുരുങ്ങിയകാലം കൊണ്ടു തന്നെ മികച്ച സ്‌പ്രിന്ററായി മാറിയ നോഹ 2014ലെ യൂത്ത് ഒളിമ്പിക്സിൽ 200 മീറ്ററിൽ സ്വ‌ർണം നേടിയാണ് വരവറിയിച്ചത്. 2016 ൽ അണ്ടർ20 ലോകചാമ്പ്യൻ ഷിപ്പിൽ 100മീറ്ററിലും 4-100 മീറ്ററിലും സ്വർണം നേടി.2019ലെ ലോകചാമ്പ്യൻഷിപ്പിലും 200മീറ്ററിലും 4-100 മീറ്ററിലും സ്വർണം നേടിയ നോഹ ടോക്യോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വെങ്കലം സ്വന്തമാക്കി. 2021ലാണ് വിഷാദ രോഗത്തിലേക്ക് വീഴുന്നത്. എന്നാൽ വിഷാദത്തേയും മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച നോഹ രോഗങ്ങളും പ്രതിസന്ധികളും വലയ്ക്കുന്നവർക്കെല്ലാം പ്രചോദനമായിമാറിയിരികയാണ്. 2004ൽ ജസ്റ്റിൻ ഗാറ്റ്ലിന് ശേഷം ഒളിമ്പിക്സിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കൻ പുരുഷ താരം കൂടിയാണ് നോഹ. പാരീസിൽ ഇനി 200മീറ്ററിലും 4-100 മീറ്ററിലും നോഹ ഇറങ്ങുന്നുണ്ട്.