മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലും ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ്. കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിലെ കൺമണി അൻപോട് എന്ന ഗാനം ചിത്രത്തിൽ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തിൽ ഗാനം ഉപയോഗിച്ചിച്ചതെന്നായിരുന്നു ഇളയരാജയുടെ പരാതി. ഇപ്പോഴിതാ ഇളയരാജയുമായുള്ള തർക്കം ഒത്തുതീർപ്പായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചതായാണ് റിപ്പോർട്ട്.
ചിത്രം വമ്പൻ വിജയമായി മാറിയതിന് പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാൽ ഗുണ നിർമ്മാതാക്കളുടെ അനുമതിയോടെയായിരുന്നു ഗാനം ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. രണ്ടുകോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടത്. മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകുകയായിരുന്നു എന്നാണ് വിവരം. 1991ൽ സന്താനഭാരതി സംവിധാനം ചെയ്ത ഗുണയ്ക്ക് വേണ്ടി ഇളയരാജ ഒരുക്കിയ ഗാനമാണ് കൺമണി അൻപോട് കാതലൻ.