moon
പ്രതീകാത്മക ചിത്രം

ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ സമയം എന്നത് ഭാവിയില്‍ വര്‍ദ്ധിക്കുമെന്ന വെളിപ്പെടുത്തലുമായി ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ രംഗത്ത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചന്ദ്രന്‍ എല്ലാ വര്‍ഷവും ഭൂമിയില്‍ നിന്ന് അകലുകയാണെന്നും ഇതാണ് ഭാവിയില്‍ ഒരു ദിവസത്തെ സമയം കൂടാനുള്ള കാരണത്തിലേക്ക് നയിക്കുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഓരോ വര്‍ഷവും 3.8 സെന്റിമീറ്റിര്‍ തോതിലാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നത്.

ഇതനുസരിച്ച് ചില മാറ്റങ്ങള്‍ ഭൂമിയിലും ഉണ്ടാകും. ഏകദേശം 20 കോടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു ദിവസത്തില്‍ ഇപ്പോഴത്തെ 24 മണിക്കൂര്‍ എന്നത് ഒരു മണിക്കൂര്‍ വര്‍ദ്ധിച്ച് 25 മണിക്കൂര്‍ ആയി മാറും. 140 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസത്തില്‍ ആകെ 18 മണിക്കൂറുകളാണ് ഉണ്ടായിരുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ചന്ദ്രനില്‍ എന്ത് സംഭവിക്കുന്നുവെന്നത് വര്‍ഷങ്ങളായി മനുഷ്യന് അറിയാന്‍ താത്പര്യമുള്ള ഒരു കാര്യമാണ്. ശാസ്ത്ര ലോകം എല്ലായിപ്പോഴും ഇതിന് പിന്നാലെയാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചാന്ദ്ര ദൗത്യത്തിനായി വലിയ തുക തന്നെ മാറ്റിവയ്ക്കാറുമുണ്ട്. അതേസമയം, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകര്‍ഷണ ഇടപെടലുകള്‍ കാരണമാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്ന പ്രതിഭാസത്തിന് കാരണമാകുന്നത്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നുവെന്നത് പുതിയ ഒരു കണ്ടുപിടുത്തമോ അറിവോ അല്ലെന്നതാണ് മറ്റൊരു വസ്തുത. ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പഠനങ്ങളിലൂടെ കണ്ടെത്തിയതാണ്.ഈ പ്രതിഭാസം ഭൂമിയെ എങ്ങനെ ബാധിക്കുന്നുവെന്ന സമഗ്രമായ അറിവുകള്‍ നേടാനായതാണ് വിസ്‌കോന്‍സിന്‍ സര്‍വകലാശാലയുടെ പഠനത്തിന്റെ നേട്ടം.