narendra-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസത്തെ കാലയളവില്‍ 400 സ്ഥാപനങ്ങള്‍ പൂട്ടിക്കാനും നിരോധിക്കാനും തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് അനധികൃതമായി പണം തട്ടുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനികള്‍ ഇന്ത്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി ഇത്തരം കമ്പനികള്‍ ഓണ്‍ലൈന്‍ ലോണുകള്‍, ജോബ് പോര്‍ട്ടലുകള്‍, ചൈനയിലേക്ക് ഇന്ത്യന്‍ പണം അനധികൃതമായി അയക്കുക തുടങ്ങിയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗം കമ്പനികളുടേയും തലപ്പത്തുള്ള പ്രധാന സ്ഥാനങ്ങളിലുള്ളത് ഇന്ത്യക്കാരാണെങ്കിലും പണം നിക്ഷേപിക്കപ്പെടുന്നത് ചൈനയിലാണ്. ചില കമ്പനികള്‍ പണം വകമാറ്റി ചിലവാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.


മൊബൈല്‍ സ്‌ക്രീനുകളും ബാറ്ററികളും നിര്‍മ്മിക്കുന്ന 40 ഓളം ചൈനീസ് കമ്പനികള്‍ക്കെതിരെ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 600 ഓളം ചൈനീസ് കമ്പനികള്‍ കേന്ദ്രത്തിന്റെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 300 മുതല്‍ 400 വരെ കമ്പനികളുടെ പ്രവര്‍ത്തനം സംശയാസ്പദമാണ്. പല കമ്പനികളും ഇന്ത്യന്‍ ഡയറക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും പണമിടപാട് നടക്കുന്നത് ചൈനയിലാണ്. മിക്കവാറും കമ്പനികളുെട ബാക്ക് അക്കൗണ്ട് പോലും ചൈനയിലാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒരു കണക്കുകളും രേഖപ്പെടുത്തകയോ സര്‍ക്കാരിന് കണക്ക് കൈമാറുകയോ ചെയ്യുന്നില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തല്‍.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റല്‍ വായ്പ നല്‍കുന്ന കമ്പനികള്‍ അതിവേഗം വളരുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് ഇന്ത്യയിലെ പണമിടപാട് പല കമ്പനികളും നടത്തുന്നത്. ഇതാദ്യമായിട്ടല്ല ചൈനീസ് കമ്പനികളേയും ആപ്പുകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നത്.