case-diar

വാരണസി (ഉത്തർപ്രദേശ്)​ : ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിവന്ന വൻ പെൺവാണിഭ റാക്കറ്റ് വാരണസിയിൽ പിടിയിലായി. വാരാണസി സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ നിന്നാണ് 10 സ്ത്രീകളും 11 പുരുഷൻമാരും ഉൾപ്പെടെ 21 പേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ഒരാൾ ഹോട്ടൽ ജീവനക്കാരനാണ്.

സിഗ്ര സ്റ്റേഷൻ പരിധിയിലെ മൽദാഹിയയിലുള്ള രഞ്ജിത് ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാശി സോൺ അഡിഷണൽ ഡെപ്യുട്ടി കമ്മിഷണർ നീതു കുമാരി കഡിയാന്റെ നേതൃത്വത്തിൽ ഛേത് ഗഞ്ച് ,​ സിഗ്ര പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് പെൺവാണിഭ സംഘം വലയിലായത്.

റെയ്ഡിനെത്തിയപ്പോൾ ഹോട്ടൽ ജീവനക്കാരൻ മുറികളെല്ലാം പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുറികളിൽ ആളുണ്ടെന്ന് പൊലീസിന് മനസിലായി. തുടർന്നാണ് പത്ത് സ്ത്രീകളെയും പത്ത് പുരുഷൻമാരെയും കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ സിസി ടിവിയുടെ ഡി.വി.ആറും പൊലീസ് പിടിച്ചെടുത്തു.