paris-2024
നിഷ ദഹിയ

പാരീസ്: ഒളിമ്പിക്‌സ് വേദിയില്‍ പരിക്കേറ്റ് മടങ്ങി ഇന്ത്യന്‍ ഗുസ്തി താരം നിഷ ദഹിയ പുറത്തായി. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം പരിക്ക് കാരണം പിന്‍മാറിയത്. ഉത്തരകൊറിയയുടെ പാര്‍ക് സോള്‍ ഗുമിനോട് മത്സരിക്കുന്നതിനിടെയാണ് നിഷയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ 8-1ന് ഇന്ത്യന്‍ താരം ലീഡ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ഉത്തരകൊറിയന്‍ താരം ആധിപത്യം സ്ഥാപിക്കുകയും 10-1ന് മുന്നിലെത്തുകയും ചെയ്തു.

മത്സരത്തിന്റെ പകുതിയിലേറെ സമയം വേദനകൊണ്ട് പുളഞ്ഞ നിഷ വേദനയകറ്റാന്‍ സ്പ്രേ ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. മൂന്നുവട്ടം മെഡിക്കല്‍ ടൈം ഔട്ട് എടുത്ത താരം പിന്നീട് നിറകണ്ണുകളോടെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഈ അവസരം മുതലെടുത്ത് ഉത്തരകൊറിയന്‍ താരം ആധിപത്യം നേടുകയായിരുന്നു. അതേസമയം പാക് സോള്‍ ഗും ഫൈനലിലെത്തിയാല്‍ റെപ്പഷാാഷ് റൗണ്ട് വഴി ഇന്ത്യന്‍ താരത്തിന് വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടാന്‍ സാധിക്കും.

2016ല്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഗുസ്തി താരം സാക്ഷി മാലിക് റെപഷാഷ് വഴിയാണ് വീണ്ടും മത്സരിച്ചതും വെങ്കല മെഡല്‍ സ്വന്തമാക്കിയതും. റിയോയില്‍ ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് സാക്ഷി മാലിക് അന്ത്യം കുറിച്ച റെപഷാഷ് നിയമം ഒരിക്കല്‍ക്കൂടി ഇന്ത്യക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഉത്തരകൊറിയന്‍ താരത്തിനോടുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറേണ്ടെി വന്ന നിഷ ദഹിയ കണ്ണീരോടെയാണ് ഗോദ വിട്ട് മടങ്ങി പോയത്.