fish
പ്രതീകാത്മക ചിത്രം

52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കടന്നുകിട്ടിയതിന്റെ ആശ്വാസത്തില്‍ കടലിലിറങ്ങിയ തൊഴിലാളികള്‍ക്ക് നിരാശയായിരുന്നു ഫലം. കൂടുതല്‍ വില ലഭിക്കുന്ന പൂവാലന്‍ ചെമ്മീനും കണവയും ഇതുവരെ കിട്ടിയില്ല. കിളിമീന്‍ മാത്രമാണ് ലഭിക്കുന്നത്. അതും കുറവ്. സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളില്‍ തന്നെ 20മുതല്‍ 30 ടണ്ണോളം കിളിമീന്‍ നിറഞ്ഞ ബോട്ടുകള്‍ തീരം തൊടാറുണ്ട്. എന്നാല്‍ ഇത്തവണ പകുതി പോലും കിട്ടിയിട്ടില്ല. കൂട്ടത്തില്‍ ധാരാളമായി ലഭിക്കുന്ന കരിക്കാടി ചെമ്മീനും പൂവാലനും, കണവ, മാന്തല്‍ എന്നിവയും കാര്യമായി കിട്ടിയില്ല. ഹാര്‍ബറില്‍ എത്തിച്ച മത്സ്യങ്ങള്‍ എടുക്കാന്‍ ആളില്ലാത്തതും പ്രതിസന്ധി കൂട്ടുകയാണ്. ഇതോടെ പകുതി വിലയ്ക്ക് മത്സ്യം വില്‍ക്കുകയാണ് തൊഴിലാളികള്‍. ഹാര്‍ബറില്‍ മീന്‍ വില കുറവാണെങ്കിലും പൊതുമാര്‍ക്കറ്റില്‍ വില കൂടുതലാണ്. മീന്‍ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുകയാണ്.

നിയന്ത്രണം ആശങ്ക

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ട്രോളിംഗ് വലകള്‍ ഉപയോഗിച്ചുള്ള പുറംകടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ട്രോളിംഗ് അവസാനിച്ച രാത്രി ചെറിയ ബോട്ടുകള്‍ മാത്രമാണ് കടലിലേക്ക് പുറപ്പെട്ടത്. വലിയ ബോട്ടുകള്‍ മീന്‍ പിടിത്തത്തിന് പുറപ്പെട്ടെങ്കിലും ആഴക്കടലിലേക്ക് പോയിട്ടില്ല. ജില്ലയില്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായി രജിസ്റ്റര്‍ ചെയ്ത 1250 ഓളം യന്ത്രവല്‍കൃത ബോട്ടുകളാണുള്ളത്. ഇവയില്‍ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. 500 നോട്ടിക്കല്‍ മൈല്‍ വരെ പോയ ബോട്ടുകളാണ് ഇന്നലെ വരെ മടങ്ങിയെത്തിയത്. പുറംകടലിലേക്ക് പോയ ബോട്ടുകള്‍ കടലില്‍ തന്നെ തുടരുകയാണ്.

മീനില്ല വിലയിലും കുറവില്ല

ആഴക്കടലില്‍ നിന്ന് വലിയ തോതില്‍ മത്സ്യങ്ങള്‍ എത്താത്തതിനാല്‍ മീന്‍ വിലയില്‍ കുറവില്ല. വിപണി സജീവമാകാന്‍ രണ്ടാഴ്ച കൂടിയെടുത്തേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കര്‍ണാടക തീരങ്ങളില്‍ വിലക്കുണ്ട്. അതിനാല്‍ 15ന് ശേഷം മത്സ്യബന്ധനം നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ആഴക്കടലിലെ മത്സ്യബന്ധനത്തിന് ബോട്ടുകള്‍ പുറപ്പെടുന്നതോടെ വിപണി ഉഷാറാകും. മീന്‍ ലഭ്യത കൂടും ഇതോടെ വിലയും കുറയും.

മത്സ്യം- കിലോ

മത്തി- 240

അയല-260

മാന്തള്‍(വലുത്)- 300

കലുവകോര- 150

പുയ്‌ളാപ്‌ളക്കോര- 150

ഞണ്ട്- 300