കൊച്ചി: യന്ത്രവത്കരണം ഉൾപ്പെടെ സാങ്കേതികവിദ്യകൾ വിനിയോഗിച്ച് ഇഞ്ചിപ്പുൽ കൃഷി വിപുലീകരിക്കാനും പുൽത്തൈലം ഉത്പാദനം വർദ്ധിപ്പിക്കാനും പദ്ധതി ഒരുങ്ങുന്നു. മികച്ച ഇനങ്ങൾ കൃഷി ചെയ്യാനും മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകർക്ക് കൂടുതൽ വരുമാനവും ലഭ്യമാക്കാനും കൃഷി വിജ്ഞാനകേന്ദ്രം നടപടി ആരംഭിച്ചു.
കൊച്ചിയിലെ സി.എം.എഫ്.ആർ.ഐയിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രമാണ് (കെ.വി.കെ) പദ്ധതി തയ്യാറാക്കിയത്. പുല്ലരിയാൻ തൊഴിലാളികളെ കിട്ടാത്തതിന് പരിഹാരമായി യന്ത്രം ഉപയോഗിക്കാൻ കേരള കാർഷിക സർവകലാശാല, കാംകോ എന്നിവയുമായി സഹകരിച്ച് നടത്തിയ പരീക്ഷണം വിജയിച്ചു. ഓടക്കാലി സുഗന്ധ തൈലഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ ഫാമിൽ വിവിധ യന്ത്രങ്ങളുപയോഗിച്ചായിരുന്നു പരീക്ഷണം. കാംകോയുടെ കെ.ആർ120എച്ച് മോഡൽ കൊയ്ത്ത് യന്ത്രം ഇഞ്ചിപ്പുൽ വെട്ടാൻ അനുയോജ്യമാണെന്ന് കണ്ടെത്തി. മണിക്കൂറിൽ ഒരേക്കർ സ്ഥലത്തെ ഇഞ്ചിപ്പുല്ല് അരിയാനാകും. ഡോ. ആൻസി ജോസഫ്, ഡോ. ജോബി ബാസ്റ്റിൻ, ഡോ.എം.വി പ്രിൻസ്, ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ഡോ. ഡി. ധലിൻ, ജെസികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ജില്ലയുടെ കിഴക്കൻ മേഖല ഇഞ്ചിപ്പുൽ കൃഷിയുടെയും പുൽത്തൈലം വാറ്റിന്റേയും പെരുമ്പാവൂർ തൈലവ്യാപാരത്തിന്റെയും കേന്ദ്രമായിരുന്നു.
പദ്ധതികൾ പലവിധം
കാർഷിക സർവകലാശാലയുടെ സുഗന്ധി, ലക്‌നൗവിലെ കേന്ദ്ര ഔഷധസുഗന്ധ സസ്യ ഗവേഷണകേന്ദ്രത്തിന്റെ കൃഷ്ണ എന്നീ പുല്ലിനങ്ങൾ കർഷകർക്ക് ലഭ്യമാക്കും
കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) നടപ്പിലാക്കുന്ന അരോമ പദ്ധതിയിൽ തൈലം വാറ്റുന്ന യൂണിറ്റ് സ്ഥാപിക്കും
ഇഞ്ചിപ്പുൽ തൈലത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കി ബ്രാൻഡ് ചെയ്തു വിപണിയിലിറക്കും.
കർഷകർ, കർഷക കൂട്ടായ്മകൾ, സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സൊസൈറ്റികൾ തുടങ്ങിയവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും
കൃഷി രീതി
സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലത്ത് കൃഷി
തൈകൾ നട്ട് മൂന്നുമാസത്തിനകം ആദ്യവിളവെടുപ്പ്
തുടർന്ന് രണ്ടുമാസം കൂടുമ്പോൾ തുടർ വിളവെടുപ്പുകൾ
കർഷകർക്ക് വരുമാനം ഉറപ്പുവരുത്തി കൃഷി സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. ഇഞ്ചിപ്പുൽ കൃഷിയുടെ പ്രതാപം വീണ്ടെടുക്കും.
ഡോ. ഷിനോജ് സുബ്രഹ്മണ്യൻ
കെ.വി.കെ മേധാവി