sheikh-hasina

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികൾ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുകയാണ്. ഇതിനിടെ ഹസീനയുടെ ശ്രദ്ധേയമായ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികൾ കൈക്കലാക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം പേരുകേട്ടവയാണ് അവരുടെ സാരികളും. എപ്പോഴും സാരിയിൽ മാത്രമായി കാണാറുള്ള മുൻ പ്രധാനമന്ത്രിയുടെ വസ്‌ത്രങ്ങൾ അന്താരാഷ്ട്ര സന്ദർശനങ്ങളിൽ മാദ്ധ്യമശ്രദ്ധനേടാറുണ്ട്.

ഹസീനയുടെ സാരികൾ കൈക്കലാക്കിയവരിൽ ചിലർ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സാരിക്ക് പുറമെ അവരുടെ ബ്ളൗസുകളും അടിവസ്‌ത്രങ്ങളുംവരെ പ്രക്ഷോഭകർ കൈക്കലാക്കി. ഹസീനയുടെ സാരികൾ നിറഞ്ഞ സ്യൂട്ട്‌കേസ് സ്വന്തമാക്കിയ പ്രക്ഷോഭകാരി ഇത് താൻ ഭാര്യയ്ക്ക് നൽകുമെന്നും അവരെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

#Bangladesh: What’s in the bag?

It has sarees of Sheikh Hasina, will make my wife Prime Minister. pic.twitter.com/Q4oYqweiMS

— Pooja Mehta (@pooja_news) August 5, 2024

വിലപ്പിടിപ്പുള്ള സാരികൾക്ക് പുറമെ പവിഴ മുത്തുകളുള്ള ആഭരണങ്ങളാണ് ഹസീന കൂടുതലും അണിഞ്ഞിരുന്നത്. മണിപ്പൂരിൽ ധാരാളമായി നി‌ർമിക്കാറുള്ള സാരിയായ കലാബതി സാരിയും ഹസീനയുടെ കളക്ഷനിലുണ്ടായിരുന്നു. വാഴനാര് കൊണ്ടാണ് സാരി നിർമിക്കുന്നത്. ഇത്തരത്തിലെ സാരി ആദ്യമായി ബംഗ്ളാദേശിൽ നെയ്‌തെടുത്തപ്പോൾ ബന്ധർബൻ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന യാസ്‌മിൻ പർവീൺ തിബ്രിജി ഹസീനയ്ക്ക് മൂന്ന് കലാബതി സാരികൾ സമ്മാനിക്കുകയായിരുന്നു.

ബന്ദാനി സിൽക്ക് സാരികളായിരുന്നു ഹസീന കൂടുതലും ഉപയോഗിക്കാറുള്ളത്. താന്ദ് കോട്ടൺ സാരി, ധാക്ക ബനാറസി സാരി, രാജ്‌ഷാഹി സിൽക്ക് സാരി, തസാർ സിൽക്ക് സാരി, മണിപ്പൂരി സാരി, കദാൻ സാരി എന്നിവയാണ് ഹസീനയുടെ കളക്ഷനിലുണ്ടായിരുന്ന മറ്റ് സാരികൾ. ഇത്തരത്തിൽ നൂറുകണക്കിന് സാരികളാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിക്കുണ്ടായിരുന്നത്.