ഒരിടത്ത് വളരെ നന്നായി ഭാഗവതം പറയുന്ന ആചാര്യനുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ചെന്ന് സപ്താഹം നടത്തും. അങ്ങനെ കിട്ടുന്ന ദക്ഷിണകൊണ്ടാണ് ജീവിതം നയിച്ചുവന്നത്. ഒരിക്കൽ ഒരാൾ അദ്ദേഹത്തോടു പറഞ്ഞു: 'നമ്മുടെ രാജ്യത്തെ രാജാവ് ഭാഗവതം കേൾക്കുന്നതിൽ വലിയ താത്പര്യമുള്ള ആളാണ്. നിങ്ങൾ അദ്ദേഹത്തെ പോയിക്കണ്ടാൽ എല്ലാ ദാരിദ്ര്യവും തീരും." അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ഭാഗവതാചാര്യൻ കൊട്ടാരത്തിലെത്തി രാജാവിനോടു പറഞ്ഞു: 'തിരുമനസേ, അങ്ങ് ഭാഗവതം കേൾക്കുന്നതിൽ താത്പര്യമുള്ള ആളാണല്ലോ, അങ്ങേയ്ക്കു വേണ്ടി ഞാനൊരു സപ്താഹം നടത്താം." ഉടനെ രാജാവ് ദേഷ്യത്തോടെ പറഞ്ഞു: 'കടന്നുപോകൂ. നിങ്ങളുടെ ഭാഗവതമൊന്നും എനിക്കു കേൾക്കേണ്ട." അപമാനഭാരത്താൽ ഭാഗവതാചാര്യൻ തിരിഞ്ഞുനടന്നു.
വീട്ടിലെത്തിയപ്പോഴേക്കും അദ്ദേഹം ഒരു തീരുമാനമെടുത്തിരുന്നു- സപ്താഹം നടത്താൻ ഇനി എവിടെയും പോകുന്നില്ല. വീട്ടിൽ വച്ചുതന്നെ ഭാഗവതം വായിക്കും. കേൾക്കാൻ ആരുമില്ലെങ്കിൽപ്പോലും മറ്റെങ്ങും പോകില്ല! അങ്ങനെ അദ്ദേഹം സ്വന്തം മനസിന്റെ തൃപ്തിക്കും ആനന്ദത്തിനും വേണ്ടി മാത്രം ഭാഗവതം വായിക്കാൻ തുടങ്ങി. അങ്ങനെ വായിച്ചുകൊണ്ടിരുന്നപ്പോൾ അന്നാദ്യമായി അദ്ദേഹത്തിന്റെ ഹൃദയം അലിഞ്ഞു. ഒരാനന്ദം ഉള്ളിൽ നിന്ന് ഊറിവരുന്നതു പോലെ. ദിവസം കഴിയുന്തോറും ആ ആനന്ദം കൂടിക്കൂടി വന്നു. ഒടുവിൽ പൂർണതൃപ്തിയായി. ഭഗവാൻ തന്റെയുള്ളിൽ സദാ നിറഞ്ഞു നിൽക്കുന്നതുപോലെ!
വീട്ടിലിരുന്ന് ഭാഗവതം വായിക്കുന്ന അദ്ദേഹത്തിന്റെ പാരായണം കേൾക്കാൻ ഇതിനകം ധാരാളം ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് ഒരു ദിവസം രാജാവും എത്തി. ഭാഗവതാചാര്യൻ പതിവുപോലെ അന്നും എല്ലാം മറന്ന് ലയിച്ചിരുന്ന് ഭാഗവതം വായിച്ച് വിശദീകരിച്ചു. ഭക്തിനിർഭരമായ, തന്മയത്വമുള്ള ആ വ്യാഖ്യാനം കേട്ട് രാജാവ് അദ്ഭുതസ്തബ്ദ്ധനായി. ആചാര്യനെ നമസ്‌കരിച്ച ശേഷം രാജാവ് പറഞ്ഞു: 'അങ്ങ് ദയവായി കൊട്ടാരത്തിൽ വന്ന് ഭാഗവത സപ്താഹം നടത്തണം." അപ്പോൾ ഭാഗവതാചാര്യൻ പറഞ്ഞു: 'രാജാവേ, അങ്ങേയ്ക്ക് എന്നെ ഓർമ്മയില്ലേ? കൊട്ടാരത്തിൽ നിന്ന് മുമ്പൊരിക്കൽ അങ്ങ് പുറത്താക്കിയ അതേ ആൾ തന്നെയാണ് ഞാൻ." അപ്പോൾ രാജാവ് പറഞ്ഞു- 'അതെനിക്കറിയാം. അന്ന് താങ്കൾ ഭാഗവതം വായിക്കുക മാത്രമായിരുന്നു. എന്നാൽ ഇന്ന് താങ്കൾ അതിൽ ജീവിക്കുകയാണ്."
അറിവിൽ നിന്ന് നമ്മൾ അനുഭൂതിയിലേക്ക് ഉയരണം. ഭഗവത്‌സ്വരൂപത്തിലേക്ക് നമ്മളെ ഉയർത്തുക എന്നതാണ് ഭാഗവതത്തിന്റെ ലക്ഷ്യം. അവിടെ മാർഗവും ലക്ഷ്യവും ഭക്തിയാണ്. ഭക്തിയുടെ മധുരാനുഭൂതിയാണ്. അത് പൊതുവേ കാണുന്ന കാമ്യഭക്തിയല്ല; ജ്ഞാനയുക്തമായ പ്രേമഭക്തിയാണ്. ഭക്തിയുടെ യമുനയും ജ്ഞാനത്തിന്റെ ഗംഗയും വൈരാഗ്യത്തിന്റെ സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമം തന്നെയാണത്. അവിടെ ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ ഒന്നിന്റെയും ആവശ്യമില്ല. ആ പദത്തിലെത്തിയ ഭക്തൻ ഭഗവാനുമായി ഒന്നായിത്തീർന്നിരിക്കുന്നു. അവരുടെ ജീവിതം തന്നെ സത്സംഗമാകുന്നു, അവരുടെ സാമീപ്യം തന്നെ നമ്മെ ശുദ്ധീകരിക്കുന്നു!