india-vs-pakistan

ശീതയുദ്ധത്തിന് ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റം കഴിഞ്ഞദിവസം നടന്നതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്ക-റഷ്യ കൈമാറ്റമാണ് ലോകശ്രദ്ധ നേടി ചർച്ചയാവുന്നത്.

വാൾ സ്‌ട്രീറ്റ് ജേർണലിലെ മാദ്ധ്യമപ്രവർത്തകനായ ഇവാൻ ഗേർഷ്‌കോവിച്ച്, മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ പോൾ വിലൻ, വ്ളാഡിമിർ കാര മുർസ അടക്കമുള്ള റഷ്യൻ വിമതർ എന്നിവരെയാണ് മോസ്‌കോ മോചിപ്പിച്ചത്. പകരമായി വ്ളാഡിം ക്രാസികോവ്, സ്ളോവേനിയയിലെ ജയിലിലടയ്ക്കപ്പെട്ട രണ്ട് ഏജന്റുമാർ, മറ്റ് മൂന്നുപേർ എന്നിവരെ അമേരിക്കയും മോചിപ്പിച്ചു. അതുപോലെ നോർവേയും പോളണ്ടും മറ്റ് രാജ്യക്കാരായ തടവുകാരെ പുറത്തുവിട്ടു.

അതേസമയം, ബദ്ധവൈരികളായി അറിയപ്പെടുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തടവുകാരുടെ കൈമാറ്റം നടക്കുന്നത് എങ്ങനെയെന്നറിയാമോ? 1948ലെ എക്‌സ്‌ചേഞ്ച് ഒഫ് പ്രിസണേഴ്‌സ് ആക്‌ട്, 2008ലെ കോൺസുലാർ ആക്‌സസ് എഗ്രിമെന്റ് എന്നീ രണ്ട് നിയമങ്ങൾ പ്രകാരമാണ് ഈ രണ്ട് രാജ്യങ്ങളും തമ്മിൽ തടവുകാരുടെ കൈമാറ്റം നടക്കുന്നത്.

1948ലെ കൈമാറ്റ നിയമം

1948 സെപ്‌തംബറിലാണ് എക്‌സ്‌ചേഞ്ച് ഒഫ് പ്രിസണേഴ്‌സ് ആക്‌ട് ഇന്ത്യ പാസാക്കിയത്. എക്‌സ്‌ചേഞ്ച് ഒഫ് പ്രിസണേഴ്‌സ് ഓർഡിനൻസിന് 1948 മാർച്ചിൽ പാകിസ്ഥാനും അംഗീകാരം നൽകി. പടിഞ്ഞാറൻ പഞ്ചാബ്, വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, പടിഞ്ഞാറൻ പാകിസ്ഥാനിലെ മറ്റ് ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മുസ്ലീം ഇതര മതസ്ഥർ പലായനം ചെയ്തതിന് ശേഷം ഇന്ത്യയിൽ തടവുകാരുടെ കൈമാറ്റം ആവശ്യമായി വന്നിരുന്നു.

കൈമാറ്റം ചെയ്യാൻ സാധിക്കുന്ന തടവുകാരെ മാത്രം പുറത്തുവിടുക എന്നാണ് ഇരുനിയമങ്ങളിലും വ്യക്തമാക്കുന്നത്. കോടതി ഉത്തരവ് പ്രകാരം പാക് ജയിലിൽ കഴിയുന്ന പട്ടികജാതി വിഭാഗത്തിൽ നിന്നുൾപ്പെടെയുള്ള ഏതെങ്കിലും ഹിന്ദുമതത്തിൽ നിന്നുള്ളയാൾ അല്ലെങ്കിൽ സിഖ് മതവിഭാഗത്തിൽ നിന്നുള്ളയാൾ, ഇവരിൽ കൈമാറ്റം നടത്താൻ യോജിച്ചവരെ കൈമാറ്റം ചെയ്യാമെന്നാണ് പാക് ഓർഡിനൻസിൽ വ്യക്തമാക്കുന്നത്.

1948 ഓഗസ്റ്റ് ഒന്നിനോ അതിനുമുമ്പോ കസ്റ്റഡിയിലോ ജയിലിലോ ഉള്ള തടവുകാരെ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കൈമാറ്റം ചെയ്യാൻ തയ്യാറാണ് എന്നാണ് ഇന്ത്യൻ നിയമത്തിൽ നിർവചിക്കുന്നത്.

ഈ നിയമങ്ങൾ പ്രകാരം വെസ്റ്റ് പഞ്ചാബിൽ നിന്ന് അനേകം മുസ്ളീം ഇതര തടവുകാർ തിരികെ എത്തിയിരുന്നു. ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന 300 പാകിസ്ഥാൻ തടവുകാരെയും മോചിപ്പിച്ചു.

1948 ഏപ്രിലിലും നവംബറിലുമാണ് ഏറ്റവും വലിയ കൈമാറ്റം നടന്നത്. 4084 മുസ്ളീം ഇതര തടവുകാർ ഇന്ത്യയിലും 3783 മുസ്ളീം വിഭാഗക്കാർ പാകിസ്ഥാനിലും തിരികെയെത്തി. എന്നാൽ ഈ കൈമാറ്റം അധികനാൾ നീണ്ടുനിന്നില്ല. 1965ലെയും, 1971ലെയും ഇന്ത്യ പാക് യുദ്ധങ്ങൾക്കുശേഷം ഇരുരാജ്യങ്ങളിലെയും തടവിൽ കഴിഞ്ഞവർ കാലാകാലങ്ങളോളം പുറംവെളിച്ചം കണ്ടില്ല. യുദ്ധകുറ്റവാളികളായി മാറിയ ഇവരിൽ കൂടുതൽ പേരെയും ഇരുരാജ്യങ്ങളും കൈവിടുകയായിരുന്നു. ഇതിനിടെ കടൽ നീന്തി മറുകരയിൽ എത്തിപ്പെട്ടവർ ജയിലിലുമായി.

ഇതിനുശേഷമാണ് 2008 മേയ് 21ന് ഇന്ത്യയും പാകിസ്ഥാനും ഇസ്‌ലാമാബാദിൽവച്ച് കോൺസുലാർ ആക്‌സസ് കരാറിൽ ഒപ്പിട്ടത്.

ഈ കരാർ പ്രകാരം എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും അതത് ജയിലുകളിലുള്ള സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇരുരാജ്യങ്ങളും കൈമാറുന്നു.

കോൺസുലാർ ആക്‌സസ് കരാർ

ഇരുരാജ്യങ്ങളിലും അറസ്റ്റുണ്ടായാൽ പ്രസ്‌തുത ഹൈക്കമ്മിഷനുകൾ ഉടനടി പരസ്‌പരം മുന്നറിയിപ്പ് നൽകണമെന്ന് കരാറിൽ പറയുന്നു. ഈ കരാർ പ്രകാരം അറസ്റ്റിലാക്കപ്പെട്ട് മൂന്ന് മാസത്തിനകം ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ തടവുകാരന് കോൺസുലാർ കരാർ സേവനം ലഭ്യമാക്കണം. ശിക്ഷ പൂ‌ർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തടവുകാരനെ മോചിപ്പിക്കണമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.

തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ- പാകിസ്ഥാൻ ജുഡീഷ്യൽ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള വിരമിച്ച നാല് ‌ജഡ്‌ജിമാർ ഉൾപ്പെടുന്ന കമ്മിറ്റി എല്ലാക്കൊല്ലവും രണ്ടുതവണ യോഗം ചേരുമെന്നാണ് വ്യവസ്ഥ. 2013ലാണ് കമ്മിറ്റി അവസാനമായി യോഗം ചേർന്നത്. കമ്മിറ്റി പുനനിർമിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും പാകിസ്ഥാൻ പാനൽ ജഡ്‌ജിമാരെ നിയമിക്കുന്നതിൽ കാലതാമസം വരുത്തുകയാണ്.

അറസ്റ്റിലായി 90 ദിവസത്തിനകം കോൺസുലാർ കരാർ സേവനം തടവുകാരന് ലഭ്യമാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും സ്ഥിരീകരണത്തിന് സമയപരിധിയില്ലെന്ന് പാകിസ്ഥാൻ-ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ ഡെമോക്രസി എന്ന വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. കേവലം പട്ടിക കൈമാറുന്നത് തടവുകാരുടെ മോചനത്തിന് ഉറപ്പുനൽകുന്നില്ലെന്നും പ്രക്രിയ രാഷ്ട്രീയക്കാരുടെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വിധേയമാകരുതെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

കോൺസുലാർ ആക്‌സസ് ഉടമ്പടി പ്രകാരം 1948ലെ തടവുകാരുടെ കൈമാറ്റ നിയമം റദ്ദാക്കണമെന്ന് ലോ കമ്മിഷൻ ഓഫ് ഇന്ത്യയുടെ 96ാമത് റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് നിയമങ്ങൾ നിലനിൽക്കെയും മത്സ്യത്തൊഴിലാളികളടക്കം നൂറുകണക്കിന് ഇന്ത്യൻ തടവുകാർ പാക് ജയിലുകളിൽ ഇപ്പോഴും തടങ്കലിലാണ്.

2014 മുതൽ 2639 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 71 സിവിലിയൻ തടവുകാരെയും പാകിസ്ഥാൻ മോചിപ്പിച്ചതായി കഴിഞ്ഞ ജൂലായിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കസ്റ്റഡിയിലുള്ള 366 പാകിസ്ഥാൻ സിവിലിയൻ തടവുകാരുടെയും 86 മത്സ്യത്തൊഴിലാളികളുടെയും പേരുകൾ ഇന്ത്യ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള 43 ഇന്ത്യൻ സിവിലിയൻ തടവുകാരുടെയും 211 മത്സ്യത്തൊഴിലാളികളുടെയും പേരുകൾ പാകിസ്ഥാനും പങ്കുവച്ചിട്ടുണ്ട്.

ശിക്ഷ പൂർത്തിയാക്കിയ 185 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും സിവിലിയൻ തടവുകാരെയും മോചിപ്പിക്കാനും തിരിച്ചയക്കാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുകൂടാതെ, ഇന്ത്യക്കാരെന്ന് കരുതപ്പെടുന്ന, ഇതുവരെ കോൺസുലാർ പ്രവേശനം നൽകിയിട്ടില്ലാത്ത, പാകിസ്ഥാൻ കസ്റ്റഡിയിലുള്ള 47 സിവിലിയൻ തടവുകാർക്കും മത്സ്യത്തൊഴിലാളികൾക്കും ഉടൻ കോൺസുലാർ പ്രവേശനം നൽകാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രാലയും വ്യക്തമാക്കി. ഇന്ത്യൻ തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ പാക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 2014 മുതൽ 2639 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 71 ഇന്ത്യൻ സിവിലിയൻ തടവുകാരെയും പാകിസ്ഥാനിൽ നിന്ന് മോചിപ്പിച്ചതായി മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു. ഇതിൽ 478 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു. 2023 മുതൽ ഇന്നുവരെ മോചിപ്പിക്കപ്പെട്ട 13 പേരും ഇതിൽ ഉൾപ്പെടുന്നുവെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടുന്നു.