2
കാസർകോട് ഡോഗ് സ്കോഡിലെ ടൈസൺ ചെങ്കളയിലെ മരമില്ലിൽ തിരച്ചിൽ നടത്തുന്നു വിരലടയാള വിദഗ്ധർ ഓഫീസ് മുറിയിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതും കാണാം

കാസർകോട്: മരമില്ലിന്റെ ഓഫീസിന്റെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 2.85 ലക്ഷം രൂപ കവർന്നു. ചെങ്കള നാലാംമൈലിലുള്ള പള്ളിയുടെ പിറകിൽ പ്രവർത്തിക്കുന്ന ന്യൂ വെസ്റ്റേൺ സോമില്ലിൽ ആണ് കവർച്ച നടന്നത്. കുമ്പള കോയിപ്പാടിയിലെ കെ അബ്ദുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ളതാണ് കവർച്ച നടന്ന മരമില്ല്.

മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് അബ്ദുൽ ഹമീദ് മില്ലിന്റെ ഓഫീസ് പൂട്ടി പോയതാണ്. ഇന്നലെ രാവിലെ 8:45 മണിക്ക് മില്ലിൽ എത്തി ഓഫീസ് തുറക്കാൻ നോക്കിയപ്പോഴാണ് പൂട്ടു പൊളിച്ച് നിലയിൽ കണ്ടെത്തിയത്. ഈ ദിവസങ്ങളിൽ ഏതെങ്കിലും സമയത്താണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. മില്ലുടമയുടെ പരാതി പ്രകാരം കേസെടുത്ത വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിദ്യാനഗർ എസ്.ഐ.വിജയൻ മേലത്തിന്റെ നേതൃത്വത്തിൽ ഡോഗ് സ്കോഡും വിരൽ അടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. എന്നാൽ കവർച്ചക്കാരെ കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല.

മില്ലിലെത്തിയത് ജീവനക്കാർ അറിഞ്ഞില്ല

ചെങ്കള നാലാമൈലിലെ മരമില്ല മോഷ്ടാവ് കയറി പണം കവരുമ്പോൾ രണ്ട് ജീവനക്കാർ ഇതേ മില്ലിൽ കിടന്നുറങ്ങുന്നുണ്ടായി. ഒരാൾ അന്യസംസ്ഥാന തൊഴിലാളിയും മറ്റയാൾ നാട്ടുകാരനുമാണ്. എന്നാൽ മോഷ്ടാവ് പൂട്ടുപൊളിക്കുന്ന ശബ്ദം ഒന്നും കേട്ടിരുന്നില്ല എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു.

തലവേദനയായി കവർച്ചശ്രമങ്ങൾ

മഴക്കാലം തുടങ്ങിയതോടെ കാസർകോട് ജില്ലയിൽ കവർച്ചാസംഘത്തിന്റെ സ്വൈര്യവിഹാരം.ദിവസങ്ങൾക്ക് മുമ്പ് മൊഗ്രാലിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കവർച്ച നടത്താനുള്ള ശ്രമം പൊളിഞ്ഞിരുന്നു.കവർച്ചാശ്രമത്തിനിടെ ബാങ്ക് അധികൃതർക്ക് അലറാം ലഭിച്ചതോടെയാണ് മോഷ്ടാവിന് സ്ഥലംവിടേണ്ടിവന്നത്. ഈയാളെ ഇന്നലെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുമ്പള സഹകരണ ബാങ്കിന്റെ പെർവാഡ് ശാഖയിലും കവർച്ചാശ്രമം നടന്നു. ദേശീയപാതയോരത്തെ ബാങ്കിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് കൊള്ളസംഘം അകത്തുകടന്നത്. എന്നാൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല.

ഏറ്റവുമൊടുവിൽ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലും മോഷണശ്രമം നടന്നു. ഇന്നലെയാണ് കവർച്ചാശ്രമം ശ്രദ്ധയിൽപെട്ടത്.