സുനന്ദ നായർ എന്നു പറഞ്ഞാൽ അധികം ആരും അറിയില്ല. കാർത്തിക എന്നു കേട്ടാൽ മലയാളി നെഞ്ചേറ്റിയ പ്രിയ നായികമാരിൽ ഒരാളായി . ഒരു കാലത്തിന്റെ നായികാസങ്കല്പങ്ങളുടെ അഴകും മിഴിവും കാർത്തികയുടെ കഥാപാത്രങ്ങളിൽ കൂടിയായിരുന്നു. മോഹൻലാൽ - കാർത്തിക ജോഡിയെ ആക്കാലത്ത് പ്രേക്ഷകർ കൈയും നീട്ടി സ്വീകരിച്ചു. താളവട്ടം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ദേശാടനക്കിളി കരയാറില്ല, സന്മനസുള്ളവർക്ക് സമാധാനം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി എത്രയെത്ര ഹിറ്റുകൾ ഇരുവരും ഒരുമിച്ചപ്പോൾ പിറന്നു. വെള്ളിത്തിരയിൽ രണ്ടര വർഷം മാത്രം നിന്നു നായിക വസന്തം വിരിയിച്ച കാർത്തിക സിനിമയിൽ വരുന്നതിനു മുൻപേ താരമായിരുന്നു. നൃത്തത്തിലും ടെന്നീസിലും കഥകളിയിലും ഒരുപോലെ മികവു പുലർത്തി. മണിരത്നം സംവിധാനം ചെയ്ത കമൽഹാസന്റെ നായകൻ സിനിമയിലൂടെയാണ് കാർത്തികയുടെ തമിഴ് അരങ്ങേറ്റം. ഫാസിൽ സംവിധാനം ചെയ്ത പൂവിഴി വാസലിലേ കാർത്തികയുടെ രണ്ടാമത്തെയും അവസാനത്തെയും തമിഴ് ചിത്രമായി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഡോ. സുനിൽകുമാറുമായി കാർത്തികയുടെ വിവാഹം. തുടർന്ന് സിനിമ പൂർണമായും ഉപേക്ഷിച്ച കാർത്തിക കുടുംബിനിയുടെ വേഷത്തിൽ ജീവിതത്തിൽ തിളങ്ങുന്നു. ഏക മകൻ വിഷ്ണു വിവാഹിതൻ. കാർത്തിക ഇപ്പോൾ മുത്തശ്ശി കൂടിയാണ്.