തായ്‌പേയ്: നോബൽ സമ്മാനം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞൻ. ഏറ്റവും മികച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞരിൽ ഒരാൾ എന്ന വിശേഷണത്തിന് അർഹനായ ചൈനീസ്- അമേരിക്കൻ ശാസ്ത്രജ്ഞൻ സുങ്-ദാവോ ലീക്ക് (97) വിട. സാൻഫ്രാൻസിസ്കോയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം.
വിവിധ ക്വാണ്ടം പ്രതിഭാസങ്ങളെ പഠിക്കുന്നതിനുള്ള "ലീ മോഡൽ" എന്ന മാതൃക വികസിപ്പിച്ചെടുത്തു .1957ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ചെൻ-നിംഗ് യാങ്ങിനൊപ്പം ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞനായിരുന്നു ലീ. ആറ്റങ്ങളെ ഒന്നിച്ചുനിറുത്തുന്ന ശക്തിയുമായി ഇടപഴകുമ്പോൾ ഉപ ആറ്റോമിക് കണങ്ങളുടെ സമമിതി പര്യവേക്ഷണം ചെയ്യുന്ന പ്രവർത്തനത്തിനായിരുന്നു നോബൽ . ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, ഗലീലിയോ ഗലീലി മെഡൽ, ജി. ബുഡെ മെഡൽ തുടങ്ങിയവും ഓണററി ഡോക്ടറേറ്റുകളും പദവികളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി. പ്രാഥമിക കണങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്, ആസ്ട്രോഫിസിക്സ്, ഫീൽഡ് തിയറി എന്നിവയിൽ അദ്ദേഹം നടത്തിയ ഗവേഷണം വേറിട്ടുനിൽക്കുന്നു.
1926 നവംബർ 24 ന് ഷാങ്ഹായിൽ വ്യാപാരിയായ സിങ്-കോങ് ലീയുടെയും മിംഗ്-ചാങ് ചാങ്ങിന്റെയും ആറ് മക്കളിൽ മൂന്നാമനായി ജനനം.
ചൈനീസ് സർക്കാരിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ച് യു,എസിൽ പഠനം. 1946 നും 1950 നും ഇടയിൽ, ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ എൻ റിക്കോ ഫെർമിയുടെ കീഴിൽ ചിക്കാഗോ സർവകലാശാലയിൽ പഠനം. 1950കളുടെ തുടക്കത്തിൽ, ലീ വിസ്കോൺസിനിലെ യെർക്ക്സ് ഒബ്സർവേറ്ററിയിലും ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലും പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിലും ജോലി ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു.