python
അറസ്റ്റിലായ പ്രതി രാജേഷ്‌

പാലക്കാട്: മലമ്പാമ്പിനെ കൊന്ന ശേഷം വീട്ടിലെ അടുക്കളയില്‍ പാകം ചെയ്ത യുവാവ് അറസ്റ്റില്‍. പാലക്കാട് തളിയക്കോണം സ്വദേശിയായ യുവാവാണ് വീട്ടിലെ അടുക്കളയില്‍ മലമ്പാമ്പിനെ കൊന്ന് കറിവച്ചത്. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം എലമ്പക്കാട്ടില്‍ രാജേഷ് (42) ആണ് അറസ്റ്റിലായത്.

വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ രതീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജേഷിന്റെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രതി രാജേഷ് വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പിടിച്ചെടുത്ത മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തളിയക്കോണത്തുള്ള പാടശേഖരത്തില്‍ നിന്നാണ് ഇയാള്‍ മലമ്പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ പ്രതിയെ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. രാജ്യത്തെ വനം നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഒപ്പം 25,000 രൂപ പിഴയും കിട്ടാവുന്ന ശിക്ഷയാണ്.