a

ഗാസ മുനമ്പിലെ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട 98 പാലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ തിരികെ നൽകിയതായി പാലസ്തീൻ ആരോഗ്യ മന്ത്രാലയം. കരസേന ആക്രമണത്തിനിടെ മൃതദേഹങ്ങൾ ശ്മശാനത്തിൽ നിന്ന് കുഴിച്ചെടുത്തതാണോ അതോ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത തടവുകാരുടെ ആണോ എന്ന് വ്യക്തമല്ല എന്ന് ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ പലസ്തീൻ സിവിൽ എമർജൻസി സർവീസ് ഡയറക്ടർ യമെൻ അബു സുലൈമാൻ പറഞ്ഞു. ഈ മരിച്ചവരുടെ പേരുകളെക്കുറിച്ചോ പ്രായത്തെക്കുറിച്ചോ ഒരു വിവരവും നൽകിയില്ലെന്നും ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും അബു സുലൈമാൻ കൂട്ടിച്ചേർത്തു. ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിനു സമീപമുള്ള ശ്മശാനത്തിൽ സംസ്‌കരിക്കുന്നതിന് മുമ്പ്, മരണകാരണം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനായി മൃതദേഹങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാർഗോ കണ്ടെയ്നർ ലോറിയിൽ നീല പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ കൊണ്ടു വന്നത്.

ഗാസയിലെ ഇൻറർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിനെയും (ഐ.സി.ആർ.സി) പാലസ്തീൻ സിവിൽ ഡിഫൻസിനെയുമാണ് ഇസ്രയേൽ സേന മൃതദേഹങ്ങൾ ഏൽപിച്ചത്. ഇത് നാലാം തവണയാണ് തിരിച്ചറിയാനാവാത്ത നിലയിൽ പാലസ്തീനികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഇസ്രയേലിൽ നിന്ന് ഗാസയിലേക്ക് കൊണ്ടുവരുന്നത്. ആശുപത്രികളെല്ലാം തകർത്തതിനാൽ ഡി.എൻ.എ ടെസ്റ്റിനുള്ള സംവിധാനം ഇപ്പോൾ ഗാസയിൽ ലഭ്യമല്ല.

ഇതേത്തുടർന്ന് ഖാൻ യൂനിസ് തുർക്കി സെമിത്തേരിയിൽ ബുൾഡോസർ ഉപയോഗിച്ച് കൂട്ടക്കുഴിമാടം ഒരുക്കി ഈ മൃതദേഹങ്ങളെല്ലാം ഖബറടക്കി.

ഇസ്രയേൽ സൈന്യം മുമ്പ് ഖാൻ യൂനിസ്, ജബാലിയ, ഗാസ സിറ്റിയിലെ തുഫ അയൽപക്കത്ത് ശവക്കുഴികൾ കുഴിച്ച് മൃതദേഹങ്ങൾ "അജ്ഞാത സ്ഥലങ്ങളിലേക്ക്" മാറ്റിയിട്ടുണ്ട്. ഒക്‌ടോബർ 7 മുതൽ ഡസൻ കണക്കിന് സെമിത്തേരികളിൽ നിന്ന് 2,000 മൃതദേഹങ്ങൾ ഇസ്രയേലി സൈന്യം മോഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.