e

ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി വിനേഷ് ഫോഗാട്ട്

ലോക ചാമ്പ്യനെ അട്ടിമറിച്ച് ക്വാർട്ടറിൽ, മുൻ യൂറോപ്യൻ ചാമ്പ്യനെ വീഴ്ത്തി സെമിയിൽ

ഇന്ന് രാത്രി 12.30 ന് വിനേഷിന്റെ ഫൈനൽ, എതിരാളി അമേരിക്കയുടെ സാറ ആൻ

പാരീസ് : ഗുസ്തിയിൽ ഒളി​മ്പി​ക്സ് ഫൈനലി​ലെത്തുന്ന ആദ്യ ഇന്ത്യൻ വനി​തയായി​ ചരി​ത്രമെഴുതി​ വി​നേഷ് ഫോഗാട്ട്. ​50 കിലോ വിഭാഗത്തിൽ ഇന്നലെ സെമി ഫൈനലിൽ ക്യൂബയുടെ യൂ​സ്‌​നെ​യി​ൽ​സ് ​ഗു​സ്‌​മാ​നെ 5-0ത്തിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഇന്ന് രാത്രി പന്ത്രരയ്ക്ക് നടക്കുന്ന ഫൈനലിൽ വിനേഷ് അമേരിക്കയുടെ സാറ ആൻ ഹിൽഡേബ്രാൻഡിനെ നേരിടും.. ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​നി​ല​വി​ലെ​ ​ഒ​ളി​മ്പി​ക്സ്,​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​ജ​പ്പാ​ന്റെ​ ​യൂ​യി​ ​സു​സാ​ക്കി​യെ​ ​അ​ട്ടി​മ​റി​ച്ച് ​മു​ന്നേ​റി​യ​ ​വി​നേ​ഷ്,​ ​ക്വാ​ർ​ട്ട​റി​ൽ​ ​റാ​ങ്കിം​ഗി​ൽ​ ​മു​ന്നി​ലു​ള്ള​ ​ഉ​ക്രൈ​ന്റെ​ ​ഒ​ക്സാ​ന​ ​ലി​വാ​ച്ചി​നെ​ ​മ​റി​ക​ട​ന്ന് ​സൈ​മി​ ​ഫൈ​ന​ൽ​ ​ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സുസാക്കി അങ്ങനെ

തോറ്റചരിത്രം കേട്ടു

ഒന്നാം റാങ്കുകാരിയും നാല് തവണ ലോക ചാമ്പ്യനും നിലവിലെ ഒളിമ്പിക് മെഡൽ ജേതാവും അന്താരാഷട്ര തലത്തിൽ ഇതിന് മുമ്പ് തോൽവി അറിഞ്ഞിട്ടുമില്ലാത്ത സുസാക്കിയ്ക്ക് എതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ആരും വിനേഷിന് സാധ്യത കൽപ്പിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.അന്താരാഷ്ട്ര തലത്തിൽ ഇറങ്ങിയ 82 മത്സരങ്ങളിലും ജയിച്ച സുസാക്കി തന്നെയായിരുന്നു അവസാന നീക്കം വരെ 2-0ത്തിന് മുന്നിൽ. എന്നാൽ മത്സരം തീരാൻ 5സെക്കൻഡ് ശേഷിക്കെ അവസാന നീക്കത്തിൽ സുസാക്കിയെ ത്രോഡൗൺ ചെയ്ത് വീഴ്ത്തി വിനേഷ് 3-2ന് ജയമുറപ്പിക്കുകയായിരുന്നു. വിനേഷിന്റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്നു പോയ ജാപ്പീനീസ് ടീം റിവ്യൂവിന് അപ്പീൽ ചെയ്തെങ്കിലും റഫറിമാരുടെ തീരുമാനം വിനേഷിന് അനുകൂലമായി. ടോക്യോയിൽ സ്വർണത്തിലേക്കുള്ള യാത്രയിൽ ഒറ്റ പോയിന്റുപോലും നഷ്ടപ്പെടുത്താതിരുന്ന സുസാകിയെ വീഴ്‌ത്തിയ ലോകറാങ്കിംഗിൽ നിലവിൽ 65-ാം സ്ഥാനത്തുള്ള വിനേഷിന്റെ പ്രകടനം ഗുസ്തി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായാണ് വാഴ്ത്തപ്പെടുന്നത്.

ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാമ്പ്യനും ലോകചാമ്പ്യൻഷിപ്പിലെ മുൻ മെഡൽ ജേതാവും 15-ാം റാങ്കുകാരിയുമായ ഒക്സാനലിവാച്ചിനെ 7-5ന് വീഴ്ത്തിയാണ് വിനേഷ് സെമി ഉറപ്പിച്ചത്. തുടക്കത്തിൽ 4-0ത്തിന് മുന്നിലെത്തിയ വിനേഷിനെതിരെ ഉക്രൈൻതാരം മികച്ച പ്രകടനവുമായി വെല്ലുവിളിയായെങ്കിലും പ്രീക്വാർട്ടറിലെ പോലെ അവസാന നിമിഷം അവസാന സമയത്ത് അവസരത്തിനൊത്തുയർന്ന വിനേഷ് വിജയവും സെമിയിലേക്ക് ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു.

29കാരിയായ വിനേഷിന്റെ മൂന്നാം ഒളിമ്പിക്സാണിത്. കഴിഞ്ഞ തവണ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. ഇത്തവണ ആ വിഭാഗത്തിൽ അന്തിം പംഗൽ യോഗ്യത നേടിയതോടെ തന്റെ ഭാരം കുറച്ചാണ് 50 കിലോ വിഭാഗത്തിൽ വിനേഷ് മത്സരിക്കാനിറങ്ങിയത്.

ഗോദയിലെ പോരാളി

തെരുവിലെയും

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും മുൻ എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ലൈഗീകാരോപണത്തെ തുടർന്ന് സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു വിനേഷ്. സമരത്തിന്റെ പേരിൽ ഏറെ വേട്ടയാടലുകളും അധിക്ഷേപങ്ങളും കേട്ടെങ്കിലും തളരാതെ നീതിക്കായി നിലകൊണ്ട വിനേഷിന്റെ അതേ പോരാട്ട വീര്യമാണ് പാരീസിലെ ചാംപ് ഡേ മാർസ് അരീനയിലെ ഗോദയിലും ഇന്നലെ കണ്ടത്.