crime
പ്രതികള്‍ അടിച്ച് തകര്‍ത്ത ഹോട്ടല്‍

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ശേഷം അവിടെ കൈകഴുകാന്‍ ഉപയോഗിക്കുന്ന വാഷ് ബേസിനില്‍ മൂത്രമൊഴിക്കാന്‍ ശ്രമിച്ച് യുവാക്കള്‍. ജീവനക്കാര്‍ ഇടപെട്ട് യുവാക്കളുടെ നീക്കം തടയുകയായിരുന്നു. ഇതില്‍ പ്രതികാരം തീര്‍ക്കാനായി സംഘടിച്ചെത്തിയ യുവാക്കള്‍ ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ കുമാരസ്വാമിയിലാണ് സംഭവം അരങ്ങേറിയത്. യുവാക്കളുടെ ആക്രമണത്തില്‍ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

ഹോട്ടലില്‍ കയറി അതിക്രമം കാണിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പുതിയാപ്പ സ്വദേശി ശരത് (25), ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലുടമയുടെ പരാതിയിലാണ് നടപടി.

ഭക്ഷണം കഴിക്കാനാണ് ശരത്തും രവിയും ഹോട്ടലില്‍ എത്തിയത്. കൈയും മുഖവും കഴുകാനായി വാഷ് ബേസിനിന് അടുത്തേക്ക് പോയ ശേഷം രവി വാഷ് ബേസിനില്‍ മൂത്രമൊഴിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ രവിയെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു.

തങ്ങളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതില്‍ പ്രകോപിതരായ യുവാക്കള്‍ അസഭ്യവര്‍ഷം നടത്തുകയും ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നിട്ടും ദേഷ്യം അടങ്ങാതെ വന്നപ്പോള്‍ ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. പ്രതികളായ ശരത്തിനും രവിക്കും എതിരെ ശക്തമായ നടപടി വേണമെന്നാണ് ഹോട്ടല്‍ ഉടമയുടെ ആവശ്യം.