വിനേഷ് ഫോഗാട്ട് ഫൈനലിൽ, ഇന്ന് ജയിച്ചാൽ സ്വർണം

പാരീസ് : വനിതകളുടെ ഗുസ്തിയിലെ 50 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം വിനേഷ് ഫോഗാട്ട് ഫൈനലിലേക്ക് എത്തി ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ ആദ്യ സ്വർണത്തിനുള്ള പ്രതീക്ഷകൾക്ക് തിരിതെളിച്ചു. ഇന്നലെ സെമി ഫൈനലിൽ ക്യൂബയുടെ യൂ​സ്‌​നെ​യി​ൽ​സ് ​ഗു​സ്‌​മാ​നെ 5-0ത്തിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഇന്ന് രാത്രി പന്ത്രണ്ടേമുക്കാലിനാണ് വിനേഷിന്റെ ഫൈനൽ.

വിനേഷിന്റെ അട്ടിമറി

ആദ്യ മത്സരത്തിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാല് ലോക ചാമ്പ്യൻഷിപ്പുകളിലെ ജേതാവും അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ തോറ്റിട്ടില്ലാത്ത താരവുമായ ജപ്പാന്റെ യുയി സുസാക്കിയെ അവസാനനിമിഷം അട്ടിമറിച്ച് വിനേഷ് ക്വാർട്ടറിലെത്തുകയായിരുന്നു. ക്വാർട്ടറിൽ യുക്രെയ്ന്റെ ഒക്സാന ലിവാച്ചിനെ തോല്പിച്ചാണ് സെമിയിലെത്തിയത്.

നീരജ് ഒറ്റ എറിന് ഫൈനലിൽ

അത്‌ലറ്റിക്സിലെ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായ ടോക്യോ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഇന്നലെ പാരീസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയുടെ ഫൈനലിലെത്തി. യോഗ്യതാ റൗണ്ടിലെ ആദ്യ ഏറിൽതന്നെ ഈ സീസണിലെ തന്റെ മികച്ച ദൂരമായ 89.34 മീറ്റർ കണ്ടെത്തിയാണ് ലോക ചാമ്പ്യൻ കൂടിയായ നീരജ് തന്റെ തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് ഫൈനലിലേക്ക് കടന്നത്.

രണ്ട് ഗ്രൂപ്പുകളിലായി ന‌ടന്ന യോഗ്യതാറൗണ്ടിൽ ആകെ മത്സരിച്ച 30 പേരിൽ നിന്ന് ക്വാളിഫയിംഗ് മാർക്കായ 84 മീറ്ററിന് മുകളിലെറിഞ്ഞ ഒൻപത് പേരും ഇവർക്ക് പിന്നാലെ മികച്ച ദൂരം കണ്ടെത്തിയ മൂന്നുപേരുമടക്കം 12 പേരാണ് ഫൈനലിലേക്ക് എത്തിയത്. ഗ്രൂപ്പ് എയിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെന ഫൈനലിലെത്തിയില്ല.80.73 മീറ്റർ മാത്രമെറിഞ്ഞ കിഷോർ ഗ്രൂപ്പ് എയിൽ ഒൻപതാമനും ഇരുഗ്രൂപ്പുകളിലുമായി 18-ാമനുമായാണ് മടങ്ങിയത്. നാളെ ഇന്ത്യൻ സമയം രാത്രി 11.55 മുതലാണ് ഫൈനൽ പോരാട്ടം.

ഇന്നത്തെ പ്രതീക്ഷകൾ

രാത്രി 11 മുതൽ

ടോക്യോയിലെ വെള്ളിമെഡൽ ജേതാവായ വെയ്റ്റ് ലിഫ്ടിംഗ് താരം മീരഭായ് ചാനു ഇന്ന് മത്സരത്തിനിറങ്ങും.

ഉച്ചയ്ക്ക് 1.30 മുതൽ

2. വനിതാ ടേബിൾ ടെന്നിസ് ടീമിന് ജർമ്മനിക്കെതിരെ ക്വാർട്ടർ ഫൈനൽ മത്സരം -