gulf

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി 'എയര്‍ കേരള' യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നതിന് പിന്നാലെ മറ്റൊരു വിമാനക്കമ്പനി കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹിന്ദ് ഗ്രൂപ്പ് ആണ് പുതിയ കമ്പനിക്ക് പിന്നില്‍. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അനുമതികളില്‍ 95 ശതമാനവും ലഭിച്ചുകഴിഞ്ഞുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഗള്‍ഫിലേക്കുള്ള യാത്രക്കാരേയും പ്രവാസികളേയും ലക്ഷ്യമിട്ടുള്ളതായിരിക്കും പുതിയ കമ്പനിയുടെ സര്‍വീസുകള്‍.

കേരളത്തില്‍ വിമാന ടിക്കറ്റ്, ടൂര്‍ ഓപ്പറേറ്റിംഗ്, ചാര്‍ട്ടേഡ് വിമാന സര്‍വീസ്, ഹോട്ടല്‍ ബുക്കിംഗ്, വിസ സേവനങ്ങള്‍ എന്നിവയിലാണ് അല്‍ ഹിന്ദ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പ്രവാസികള്‍ക്കിടയില്‍ ഉള്‍പ്പെടെ തങ്ങളുടെ കമ്പനിക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗിലെ പ്രവര്‍ത്തന പരിചയവും മികച്ച സര്‍വീസും വിമാനക്കമ്പനി തുടങ്ങുമ്പോള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് അല്‍ ഹിന്ദ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഇത് തന്നെയാണ് വിമാനക്കമ്പനി ആരംഭിക്കാനുള്ള തീരുമാനത്തിന് കരുത്ത് പകരുന്നതെന്ന് കമ്പനി പ്രമൊട്ടര്‍ മുഹമ്മദ് ഹാരിസ് പറയുന്നു.

20,000 കോടി രൂപയുടെ ബിസിനസ് മൂല്യമാണ് അല്‍ ഹിന്ദ് ഗ്രൂപ്പിനുള്ളത്. ഇതില്‍ 600 കോടിയുടെ വരുമാനവും വിമാനടിക്കറ്റ് ബുക്കിംഗ് രംഗത്ത് നിന്നാണ് ലഭിക്കുന്നത്. പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് ഇതിനോടകം ലഭിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂര്‍ണമായ അനുമതി ലഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി (എന്‍.ഒ.സി) ലഭിക്കേണ്ടതുണ്ട്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിച്ചാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഗള്‍ഫ് സെക്ടറിന് പുറമേ തായ്‌ലന്‍ഡ്, സിംഗപ്പുര്‍, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും അല്‍ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.