ഹോക്കി സെമിയിൽ ഇന്ത്യ ജർമ്മനിയോട് പൊരുതിത്തോറ്റു
നാളെ വെങ്കലത്തിനുള്ള മത്സരത്തിൽ സ്പെയ്നിനോട്
പാരീസ്: ഒളിമ്പിക്സ് ഹോക്കി ഫൈനലിന് തൊട്ടരികിൽ ഇന്ത്യൻ പുരുഷ ടീം കാലിടറി വീണു. ഇന്നലെ നടന്ന സെമിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനിയോട് 2- 3നാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ആദ്യഗോൾ നേടി ലീഡെടുത്ത ശേഷമാണ് ഇന്ത്യ കളികൈവിട്ടത്. ഇനി വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പെയിനാണ് ഇന്ത്യയുടെ എതിരാളികൾ. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതലാണ് വെങ്കലമെഡൽ പോരാട്ടം. ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ വിടവാങ്ങൽ മത്സരം കൂടിയാണിത്.
ആദ്യ സെമിയിൽ സ്‌പെയിനെ 4-0ത്തിന് കീഴടക്കിയ നെതർലാൻഡ്‌സാണ് ഫൈനലിൽ ജർമ്മനിയുടെ എതിരാളികൾ. ടോക്യോയിൽ ജർമ്മനിയെ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയിരുന്നത്.
പാരീസിലെ വൈവെസ് ഡു മാനിയോർ മൈതാനം വേദിയായ സെമിയിൽ ക്യാപ്ടൻ ഹർമൻപ്രീതും സുഖ്ജീത്തുമാണ് ഇന്ത്യയുടെ സ്കോറർമാർ.ഗോൺസാലൊ പെയില്ലാറ്റ്, ക്രിസ്റ്റഫർ റൂയർ,മാർക്കോ മിൽറ്റ്കൗ എന്നിവർ ജർമ്മനിയ്ക്കായി ലക്ഷ്യം കണ്ടു.
ഏഴാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി കോർണർ ഗോളിലേക്ക് തിരിച്ചുവിട്ട് ക്യാപ്ടൻ ഹർമ്മൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ഫസ്റ്റ് ക്വാർട്ടർ അവസാനിക്കുമ്പോൾ 1-0ത്തിന്റെ ലീഡിലായിരുന്നു ഇന്ത്യ. സെക്കൻഡ് ക്വാർട്ടറിൽ തുടക്കം മുതലേ ഗോൾ മടക്കാനുള്ള ശ്രമത്തിലായിരുന്നു ജർമ്മനി. 18-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റിയിൽ നിന്ന് ഗോൺസാലൊ പെയില്ലാറ്റ് ജർമ്മനിയുടെസമനില ഗോൾ നേടി. മത്സരത്തിൽ ജർമ്മനിക്ക് ലഭിച്ച ആദ്യ പെനാൽറ്റി കോർണറായിരുന്നു ഇത്. 23-ാം മിനിട്ടിൽ ജർമ്മൻ ഗോൾ മുഖത്തിന് തൊട്ടുമുന്നിൽ ലഭിച്ച സുവർണാവസരം ലളിത് നഷ്ടപ്പെടുത്തി.27-ാം മിനിട്ടിൽ വീഡിയോ റഫറലിന് ശേഷം ലഭിച്ച പെനാൽറ്റി കോർണറിലൂടെ ജർമ്മനി ലീഡെടുത്തു. ക്രിസ്റ്റഫർ റൂയർ ആയിരുന്നു സ്കോർ ചെയ്തത്. 31-ാം മിനിട്ടിൽ തുടർച്ചയായി രണ്ട് പെനാൽറ്റി കോർണറുകൾ ഇന്ത്യയ്ക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 36-ാം മിനിട്ടിൽ ഹർമ്മന്റെ പാസിൽ നിന്ന് സുഖ്‌ജീത്ത് ഇന്ത്യയുടെ സമനില ഗോൾ നേടി. എന്നാൽ 54-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് കിട്ടിയ പാസ് ശ്രീജേഷിനെ കബളിപ്പിച്ച് ഇന്ത്യൻ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാർക്കോ മിൽറ്റ്കൗ ജർമ്മനിയുടെ വിജയവും ഫൈനലുമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ശ്രീജേഷിനെ പിൻവലിച്ച് സ്ട്രൈക്കർ ഷംഷേർ സിംഗിനെ ഇറക്കി ഇന്ത്യ ഓൾഔട്ട് ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.